ജലസമൃദ്ധിക്കായി കൈകോർക്കാൻ റാന്നി

Wednesday 21 May 2025 12:34 AM IST

റാന്നി : നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ജല ദൗർലഭ്യം പരിഹരിക്കുന്നതിന് ശാസ്ത്രീയമായ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനും കുടിവെള്ളക്ഷാമത്തിനും പരിഹാരമുണ്ടാക്കുവാൻ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചിട്ടുള്ള ജനകീയ ജലസംരക്ഷണ പദ്ധതിയുടെ ആലോചനായോഗം ചേർന്നു. മലയോര ജനതയുടെ ദീർഘകാല ദുരിതത്തിന് പരിഹാരം കാണാനുള്ള പദ്ധതി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേ മനസ്സോടെ സ്വീകരിച്ചതോടെ പദ്ധതിക്ക് ഉജ്ജ്വല തുടക്കമായി. ഫീൽഡ് സർവ്വേയിലൂടെ ഓരോ പഞ്ചായത്തിന്റെയും പ്രശ്നങ്ങൾ എന്താണെന്ന് കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ജല സംരക്ഷണവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന 3 പദ്ധതികളിൽ ഒന്നാണ് റാന്നിക്ക് ലഭിച്ചിരിക്കുന്നത്.

ആലോചനയോഗം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ.അരുൺ തോമസ് അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ഭൂവിനിയോഗ ബോർഡ് കമ്മി​ഷണർ യാസ്മിൻ എൽ.റഷീദ് പദ്ധതി അവതരണം നടത്തി.ഗ്രൗണ്ട് വാട്ടർ സംസ്ഥാന ഡയറക്ടർ റിനി റാണി ആമുഖപ്രഭാഷണം നടത്തി. ജല സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് വിവിധ പദ്ധതികൾ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂഗർഭ ജല വിഭവ വകുപ്പ് സഹകരണത്തോടെ വിവിധ കുഴൽ കിണറുകളുടെ നവീകരണം ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ തടയണകളും മറ്റ് സംവിധാനങ്ങളും കൃഷിവകുപ്പിന്റെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ ചെറുകിട ജലവിതരണ പദ്ധതികൾ വിദ്യാർത്ഥികളെയും കുടുംബശ്രീ അംഗങ്ങളെയും പങ്കെടുപ്പിച്ച് വിവിധ പദ്ധതികളുടെ തയ്യാറാക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.