സി.ആർ.ഇസഡ് നിയന്ത്രണത്തിൽ കുടുങ്ങി പതിനായിരങ്ങൾ
കൊല്ലം: സി.ആർ.ഇസഡ് നിയന്ത്രണം കാരണം വീട് വയ്ക്കാനും ഭൂമി പണംവയ്ക്കാനും കഴിയാതെ ജില്ലയിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. നിലവിൽ സി.ആർ.ഇസഡ് 1ൽ ഉൾപ്പെട്ടിരിക്കുന്ന ജില്ലയിലെ വലിയൊരുഭാഗം പ്രദേശങ്ങൾ നിയന്ത്രണം 50 മീറ്റർ മാത്രമായ സി.ആർ.ഇസഡ് 2ലേക്ക് മാറ്റിയാലും പാവങ്ങൾക്ക് കാര്യമായ ഗുണം ലഭിക്കില്ല.
കടൽത്തീരത്തിന് പുറമേ കായൽ, ആറുകൾ, മറ്റ് തണ്ണീർത്തടങ്ങൾ എന്നിവയുടെ തീരങ്ങളിൽ ജില്ലയിൽ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ വലിയൊരു ഭാഗം പ്രദേശങ്ങളും നിലവിൽ നിർമ്മാണത്തിന് 100 മീറ്റർ നിയന്ത്രണമുള്ള സി.ആർ.ഇസഡ് 1 മേഖലയിലാണ്. ഇതിൽ ധാതുനിക്ഷേപം, കടലാക്രമണം, വെള്ളപ്പൊക്കം എന്നീ പ്രശ്നങ്ങളില്ലാത്ത പ്രദേശങ്ങളാണ് സി.ആർ.ഇസഡ് 2 മേഖലയിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് ശുപാർശ നൽകിയിരിക്കുന്നത്. ഈ ശുപാർശ അംഗീകരിച്ചാലും കൂടുതൽ ഭൂമിയുള്ള സമ്പന്നർക്കേ ഗുണമുണ്ടാകുള്ളു.
തീരമേഖലയിലെ രണ്ട് മുതൽ 25 വരെ ഭൂമിയുള്ള ആയിരങ്ങളുണ്ട്. 25 സെന്റുള്ളയാളുടെ വസ്തുവിന്റെ അവസാനഭാഗവും തീരവും തമ്മിൽ 20 മീറ്റർ അകലമേയുണ്ടാകുള്ളു. ദൂരപരിധി കുറച്ചാലും പാവങ്ങളുടെ ഭൂമി സി.ആർ.ഇസഡ് നിയന്ത്രണത്തിൽ നിന്ന് രക്ഷപെടില്ല. ഉള്ള ഭൂമി വിറ്റ് മറ്റ് സ്ഥലങ്ങളിലേക്ക് മാറാൻ പലരും ഒരുങ്ങിയെങ്കിലും കാര്യമായ വിലയും ലഭിക്കുന്നില്ല. സർക്കാരിന്റെ ഭവന നിർമ്മാണ, പുനർനിർമ്മാണ പദ്ധതികൾക്കും പരിഗണിക്കുന്നില്ല. അതുകൊണ്ട് തന്നെ കടൽത്തീരമൊഴികെ വെള്ളപ്പൊക്ക സാദ്ധ്യതയില്ലാത്ത തീരമേഖലയിലെ നിയന്ത്രണം കുറഞ്ഞത് 10 മീറ്ററായെങ്കിലും ചുരുക്കിയാലേ ഗുണമുണ്ടാകുള്ളു.
ദൂരപരിധി 50 മീറ്ററായി ചുരുക്കിയാലും ഗുണമില്ല
വീട് നിർമ്മാണത്തിന് അനുമതിയില്ല
വീട് നിർമ്മിച്ചാലും കെട്ടിട നമ്പർ കിട്ടില്ല അനധികൃത നിർമ്മാണമായി തുടരും ഭൂമി വായ്പയ്ക്ക് ഈടായി സ്വീകരിക്കുന്നില്ല ഭൂമിക്ക് കാര്യമായ വിലയില്ല
സി.ആർ.ഇസഡ് ദൂരപരിധി കുറഞ്ഞത് 10 മീറ്ററായെങ്കിലും ചുരുക്കിയാലേ തീരമേഖലയിലുള്ള പാവങ്ങൾക്ക് ഗുണമുണ്ടാകുള്ളു. സംസ്ഥാനത്ത് ലക്ഷങ്ങളാണ് നിയന്ത്രണം കാരണം ദുരിതം അനുഭവിക്കുന്നത്.
ബി.സുരേഷ് ബാബു, കടവൂർ