സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ 4 പേർ ഗതാഗത മന്ത്രിയുടെ മുന്നിൽ
പത്തനാപുരം: ലൈസൻസോ ഹെൽമറ്റോ ഇല്ലാതെ നാലുപേർ ഒരു സ്കൂട്ടറിൽ യാത്ര ചെയ്ത സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ.ബി.ഗണേശ് കുമാർ. കഴിഞ്ഞ 18നായിരുന്നു സംഭവം. പത്തനാപുരം വാഴപ്പാറ ഉടയൻ ചിറയിൽ കുടുംബശ്രീയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുന്നതിനിടയിലാണ് നാല് കുട്ടികൾ ഒരു സ്കൂട്ടറിൽ വരുന്നത് മന്ത്രി കാണുന്നത്. അപ്പോൾ തന്നെ മന്ത്രി അവരെ തടഞ്ഞുനിറുത്തി. കുട്ടികൾക്ക് ലൈസൻസ് ഇല്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ അവർ ചെയ്ത തെറ്റ് ബോദ്ധ്യപ്പെടുത്തിയ ശേഷം സ്കൂട്ടറിന്റെ താക്കോൽ ഊരി ഗൺമാനെ ഏൽപ്പിച്ചു. സംഭവം ആർ.ടി.ഒയ്ക്ക് കൈമാറി തുടർ നടപടി സ്വീകരിക്കണമെന്നും അതാണ് നിയമമെന്നും മന്ത്രി പൊലീസിനോട് നിർദ്ദേശിച്ചു. അതേസമയം വാഹനം ഓടിച്ചിരുന്നയാൾ പ്രായപൂർത്തിയായിരുന്നെന്നും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ ഇടാക്കുമെന്നും പത്തനാപുരം ജോയിന്റ് ആർ.ടി.ഒ പറഞ്ഞു.