രാജസ്ഥാൻ ജയിച്ചൊടുങ്ങി

Wednesday 21 May 2025 12:36 AM IST

ന്യൂഡൽഹി : ഈ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ വിജയിച്ച് മടങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. ഇന്നലെ ന്യൂഡൽഹിയി​ൽ നടന്ന മത്സരത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറുവിക്കറ്റിനാണ് രാജസ്ഥാണ റോയൽസ് കീഴടക്കിയത്. ഈ സീസണിൽ പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളും പൂർത്തിയാക്കുന്ന ആദ്യ ടീമാണ് രാജസ്ഥാൻ. നാലുജയവും 10 തോൽവിയുമായി എട്ട്പോയിന്റ്

നേടി ഒൻപതാം സ്ഥാനക്കാരായാണ് സഞ്ജുവിന്റേയും സംഘത്തിന്റേയും മടക്കം. 10-ാം തോൽവി വഴങ്ങിയ ചെന്നൈ ആറുപോയിന്റുമായി അവസാന സ്ഥാനത്താണ്.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 187 റൺസ് നേടിയത്.മറുപടിക്കിറങ്ങിയ രാജസ്ഥാൻ 17.1 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർദ്ധസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശി (33 പന്തുകളിൽ 57), സഞ്ജു സാംസൺ ( 41),യശസ്വി ജയ്സ്വാൾ (36), ധ്രുവ് ജുറേൽ (31 നോട്ടൗട്ട്) എന്നിവരാണ് രാജസ്ഥാന്റെ ചേസിംഗിന് ചുക്കാൻ പിടിച്ചത്. ഒരേ ഓവറിൽ സഞ്ജുവിനെയും വൈഭവിനെയും പുറത്താക്കി അശ്വിൻ ചെന്നൈയെ മത്സരത്തിലേക്ക് തിരികെയെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

നേരത്തേ 78 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായ ചെന്നൈയെ മദ്ധ്യനിരയിൽ ഡെവാൾഡ് ബ്രെവിസ് (42), ശിവം ദുബെ (39), ധോണി (16) എന്നിവരുടെ ബാറ്റിംഗാണ് ഈസ്കോറിലേക്ക് എത്തിച്ചത്. ഓപ്പണർ ആയുഷ് മാത്രേ(43) മാത്രമാണ് ചെന്നൈയുടെ മുൻനിരയിൽ പിടിച്ചുനിന്നത്.

മാത്രേയും ഡെവോൺ കോൺവേയും (10) ചേർന്നാണ് ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിംഗിനിറങ്ങിയത്. കോൺവേ രണ്ടാം ഓവറിന്റെ നാലാം പന്തിൽ യുദ്ധ്‌വീർ സിംഗിന് ഇരയായി. ഇതേ ഓവറിലെ അവസാന പന്തിൽ യുദ്ധ്‌വീർ ഉർവിൽ പട്ടേലിനെയും (0) മടക്കിഅയച്ചു. ആറാം ഓവറിൽ തുഷാർ ദേശ്പാണ്ഡേയാണ് മാത്രേയെ മടക്കിഅയച്ചത്. പിന്നാലെ അശ്വിൻ (13), ജഡേജ (1) എന്നിവരും പുറത്തായതോടെയാണ് ചെന്നൈ 78/5ലെത്തിയത്.

തുടർന്ന് ക്രീസിലൊരുമിച്ച ബ്രെവിസും ദുബെയും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 59 റൺസാണ് ചെന്നൈയ്ക്ക് തുണയായത്. 15-ാം ഓവറിൽ ബ്രെവിസ് പുറത്തായശേഷമെത്തിയ ധോണി ദുബെയ്ക്ക് പിന്തുണ നൽകി അവസാന ഓവർ വരെ ക്രീസിൽ നിന്നു. അവസാന ഓവറിലാണ് ഇരുവരും പുറത്തായത്. 17 പന്തുകളിലാണ് ധോണി 16 റൺസടിച്ചത്. ഒരു സിക്സും പറത്തി.

43 വർഷവും 317 ദിവസവുമാണ് ചെന്നൈയ്ക്ക് വേണ്ടി ഇന്നലെ കളിക്കാനിറങ്ങിയ മഹേന്ദ്രസിംഗ് ധോണിയുടെ പ്രായം

14 വർഷവും 55 ദിവസവുമാണ് രാജസ്ഥാന് വേണ്ടി ഇന്നലെ കളിക്കാനിറങ്ങിയ വൈഭവ് സൂര്യവംശിയുടെ പ്രായം.

2011ൽ വൈഭവ് ജനിച്ച് ഏഴാം ദിവസമാണ് ധോണി മുംബയ്‌യിൽ ഏകദിന ലോകകപ്പ് കിരീടം ഉയർത്തിയത്.

29 വർഷമാണ് ധോണിയും വൈഭവും തമ്മിലുള്ള പ്രായവ്യത്യാസം. ധോണി ഇന്ത്യൻ കുപ്പായമഴിക്കുമ്പോൾ വൈഭവിന് എട്ടുവയസ്.