മുംബയ്‌യോ, ഡൽഹിയോ; ഇന്നറിയാം
ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ മുംബയ് ഇന്ത്യൻസ് ഇന്ന് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടുന്നു
മുംബയ് : പ്ളേ ഓഫിലേക്കെത്താനുള്ള നിർണായകപോരാട്ടത്തിനായി മുംബയ് ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസും ഇന്ന് മുഖാമുഖം. മുംബയ്‌യുടെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്നത്തെ പോരാട്ടം. മുംബയ് ഇന്ത്യൻസിന് 12 കളികളിൽ ഏഴു ജയവും അഞ്ച് തോൽവികളുമായി 14 പോയിന്റ് നേടി നാലാം സ്ഥാനത്താണ് മുംബയ്. ഡൽഹി 12 മത്സരങ്ങളിൽ ആറ് ജയവും അഞ്ച് തോൽവികളുമായി 13 പോയിന്റ് നേടി അഞ്ചാം സ്ഥാനത്തും. ഇരുവർക്കും ഇന്നത്തേതുകൂടാതെ ഓരോ മത്സരമുണ്ട്. പഞ്ചാബുമായാണ് ഇരുവരുടേയും അവസാനമത്സരം.
പതിവുപോലെ തുടക്കത്തിൽ തോറ്റുതോറ്റ് മടുത്തശേഷമാണ് ഇക്കുറിയും മുംബയ് നാലാമതേക്ക് ഉയർന്നിരിക്കുന്നത്.ആദ്യ അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ മുംബയ് പിന്നീട് ആറ് മത്സരങ്ങളിൽ തുടർച്ചയായി വിജയം കണ്ടു. ഐ.പി.എൽ നിറുത്തിവയ്ക്കുന്നതിന് മുമ്പ് നടന്ന മത്സരത്തിൽ ഗുജറാത്തിനോട് തോറ്റില്ലായിരുന്നെങ്കിൽ ഇപ്പോൾ പ്ളേഓഫ് ഉറപ്പിക്കാനാകുമായിരുന്നു.
സീസണിലെ ആദ്യ നാലുമത്സരങ്ങളിൽ ജയിച്ചുവന്ന ഡൽഹി മുംബയ്‌ക്ക‌് എതിരെയാണ് ആദ്യ തോൽവി വഴങ്ങിയത്.അതിന് ശേഷമാണ് അക്ഷർ പട്ടേൽ നയിക്കുന്ന ടീമിന് താളം പിഴയ്ക്കാൻ തുടങ്ങിയത്. പന്നീടുകളിച്ച ഏഴ് മത്സരങ്ങളിൽ ജയിക്കാനായത് രണ്ടെണ്ണത്തിൽ മാത്രം. പഞ്ചാബിന് എതിരായ കളി പാതിവഴിയിൽ മാറ്റിവച്ചു. സൺറൈസേഴ്സിന് എതിരായ കളി മഴമൂലം പോയിന്റ് പങ്കുവച്ച് ഉപേക്ഷിച്ചു.
ഈ സീസണിൽ ഇവർ ആദ്യം നേർക്കുനേർ വന്നത് ഏപ്രിൽ 13ന് ഡൽഹിയിലാണ്. അന്ന് 12 റൺസിന് മുംബയ് ജയിക്കുകയായിരുന്നു.ആ വിജയത്തിന് ശേഷമാണ് മുംബയ്‌യുടെ രാശി മാറിയത്. തുടർന്നുള്ള അഞ്ച് കളികളും അവർ ജയിച്ചു.