നിർമ്മാണം പൂർത്തിയായില്ല; മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ജൂണിൽ

Wednesday 21 May 2025 12:59 AM IST

മലപ്പുറം: കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം മുൻ നിശ്ചയിച്ച പ്രകാരം ഈ മാസം നടക്കില്ല. അടുത്ത മാസം പകുതിയോടെ ഉദ്ഘാടനം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. നേരത്തെ, മേയ് 25ന് ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പണി പൂർത്തിയാവാത്തതിനാൽ നീട്ടിവയ്ക്കുകയായിരുന്നു. ഇടയ്ക്ക് ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം നിർമ്മാണം നീണ്ടുപോയി. യാർഡിൽ ഇന്റർലോക്ക് പതിക്കുന്ന ജോലിയാണ് നിലവിൽ പുരോഗമിക്കുന്നത്. 10 ദിവസത്തിനകം ഈ പ്രവർത്തനം പൂർത്തിയാകും. ഇതോടെ കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കും. ബിൽഡിംങ് നമ്പറും ലഭിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിൽ 10, താഴത്തെ നിലയിൽ നാല് കടമുറികൾക്കാണ് സ്ഥലം ലഭ്യമായിട്ടുള്ളത്. ഗ്രൗണ്ട് ഫ്‌ളോറിൽ ഒരു സ്ഥലം സൗകര്യം കുറഞ്ഞതായതിനാൽ ആരും ലേലത്തിലൂടെ സ്വന്തമാക്കിയില്ല. ബാക്കി 13 സ്ഥലവും ലേലത്തിലൂടെ വിവിധ കച്ചവടക്കാർ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം എട്ടിനായിരുന്നു ലേലം. 80ലധികം അപേക്ഷകളാണ് വന്നത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി രണ്ടിനാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടത്. 11 നിലകളായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാല് നിലകളാക്കി ചുരുക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 7.90 കോടി രൂപയാണ് അനുവദിച്ചത്. 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ടും എം.എൽ.എ അനുവദിച്ച രണ്ട് കോടി മണ്ഡലം ആസ്തി ഫണ്ടും ഉപയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.

കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പണി പൂർത്തിയാക്കി ഏപ്രിൽ പകുതിയോടെ ഉദ്ഘാടനം ചെയ്യും.

ജോഷി ജോൺ, മലപ്പുറം ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ