ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത് 82,236 പേർ, കൂടുതൽ അപേക്ഷകർ മലപ്പുറത്ത്
മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിലെ ആകെ അപേക്ഷകരുടെ എണ്ണം 82,236. എസ്.എസ്.എൽ.സി വിഭാഗത്തിൽ 79,364 പേരാണ് അപേക്ഷ നൽകിയത്. സി.ബി.എസ്.സി 2,139, ഐ.സി.എസ്.ഇ 14 മറ്റ് വിഭാഗങ്ങൾ 719 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചത് വയനാട് ജില്ലയിലാണ്, 12131 പേർ. സംസ്ഥാനത്ത് ആകെ അപേക്ഷ നൽകിയത് 4.61 ലക്ഷം വിദ്യാർത്ഥികളാണ്.
ജില്ലയിൽ സർക്കാർ മേഖലയിൽ 85, എയ്ഡഡിൽ 88, ഹയർസെക്കൻഡറിയിൽ 839 സ്ഥിര ബാച്ചുകൾ മാത്രമാണ് നിലവിലുള്ളത്. ജില്ലയിൽ 40,416 ആൺകുട്ടികളും 38,856 പെൺകുട്ടികളും ഉൾപ്പെടെ 79,272 പേരാണ് തുടർപഠനത്തിന് അർഹത നേടിയത്. സി.ബി.എസ്.ഇയിൽ 3,351 പേർക്കാണ് ഉപരിപഠനത്തിന് അവസരം ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടിയത് മലപ്പുറം റവന്യൂ ജില്ലയിലായിരുന്നു. സേ പരീക്ഷ 28 മുതൽ ജൂൺ അഞ്ച് വരെ നടക്കും. ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. തുടർന്ന്, പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. കഴിഞ്ഞ വർഷം ജൂൺ 24നായിരുന്നു ക്ലാസുകൾ ആരംഭിച്ചത്. ജൂലായ് 23ന് പ്രവേശന നടപടി അവസാനിപ്പിക്കും.
24നാണ് ട്രയൽ അലോട്ട്‌മെന്റ്. ജൂൺ രണ്ടിന് ആദ്യ അലോട്ട്‌മെന്റ്, 10ന് രണ്ടാം അലോട്ട്‌മെന്റ്, 16ന് മൂന്നാം അലോട്ട്‌മെന്റ് എന്നിവ നടക്കും.
ആകെ അപേക്ഷകർ - 82,236
ട്രയൽ അലോട്ട്‌മെന്റ്- മേയ് 24