കരിപ്പൂർ ഹജ്ജ് ക്യാമ്പിന് നാളെ പരിസമാപ്തി; അവസാന വിമാനം വ്യാഴം പുലർച്ചെ 1.5ന്

Wednesday 21 May 2025 1:10 AM IST

മലപ്പുറം: കരിപ്പൂർ ഹജ്ജ് ക്യാമ്പിന് നാളെ പരിസമാപ്തിയാവും. അവസാന വിമാനത്തിലേക്കുള്ള തീർത്ഥാടകർ രാവിലെ പത്ത് മണിയോടെ ക്യാമ്പിലെത്തും. രാത്രി ഒമ്പതോടെ എയർപോർട്ടിലേക്ക് തിരിക്കും. വ്യാഴാഴ്ച പുലർച്ചെ 1.10ന് ഐ.എക്സ്. 3029 നമ്പർ വിമാനം 88 പുരുഷന്മാരും 81 സ്ത്രീകളും ഉൾപ്പടെ 169 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പറക്കും. ഇതോടെ കരിപ്പൂർ വഴിയുള്ള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടന യാത്രക്കു പരിസമാപ്തിയാവും. മേയ് ഒമ്പതിനാണ് കരിപ്പൂരിൽ ക്യാമ്പ് ആരംഭിച്ചത്. ഇതുവരെ 31 വിമാനങ്ങളിലായി 5സ340 തീർത്ഥാടകരാണ് കരിപ്പൂർ വഴി യാത്രയായി. കണ്ണൂരിൽ നിന്ന് മേയ് 29നും കൊച്ചിയിൽ നിന്ന് 30 നുമാണ് അവസാന വിമാനങ്ങൾ. കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ് വോളണ്ടിയർമാർക്കുള്ള പ്രത്യേക അനുമോദനം ബുധനാഴ്ച വൈകുന്നേരം ഹജ്ജ് ഹൗസിൽ നടക്കും. സർവീസിൽ നിന്നും വിരമിക്കുന്ന കോഴിക്കോട് എയർപോട്ട് ഡയറക്ടർ സി.വി രവീന്ദ്രന് പ്രത്യേക യാത്രയയപ്പും ഹജ്ജ് ക്യാമ്പിൽ വെച്ച് നൽകും. ബുധനാഴ്ച കരിപ്പൂരിൽ നിന്നും മൂന്ന് വിമാനങ്ങളാണ് സർവീസ് നടത്തുക. പുലർച്ചെ ഒരുമണിക്ക് പുറപ്പെടുന്ന വിമാനത്തിൽ 94 പുരുഷന്മാർ 79 സ്ത്രീകൾ, രാവിലെ 9.20ന് പുറപ്പെടുന്ന വിമാനത്തിൽ 85 പുരുഷന്മാർ 88 സ്ത്രീകൾ, വൈകുന്നേരം 5.55ന് പുറപ്പെടുന്ന വിമാനത്തിൽ 95 പുരുഷന്മാരും 77 സ്ത്രീകളുമാണ് യാത്രയാവുക.