മക്കളുടെ അന്തകരാകുന്ന എല്ലാവരും മനോരോഗികളല്ല
കുഞ്ഞിനെ അമ്മ കായലിലെറിഞ്ഞും മറ്റും കൊല്ലുന്നത് സമൂഹ മനഃസാക്ഷിയെ പൊള്ളിക്കുന്നതാണ്. ഒരു മേൽക്കൂരയ്ക്കു കീഴിൽ മാതാപിതാക്കളെയോ സഹോദരങ്ങളെയോ ഒരാൾ കൊല്ലുമ്പോൾ സമൂഹത്തിനുണ്ടാകുന്ന ആഘാതം വിവരണാതീതമാണ്. രക്തബന്ധമുള്ള പ്രിയപ്പെട്ടവരെ ഇല്ലാതാക്കാൻ, ഒരമ്മയ്ക്ക് കുഞ്ഞിനെ കൊല്ലാൻ എങ്ങനെ മനസുവന്നു എന്ന ആശയക്കുഴപ്പമുണ്ടാകാം.
നമ്മുടെ സംസ്‌കാരത്തിൽ ഇത്തരം സംഭവങ്ങളിൽ മനോരോഗ സാദ്ധ്യത പരിഗണിക്കണം. ഇളംപൈതലുകളെ കൊല്ലുന്ന സംഭവങ്ങളിൽ അമ്മയുടെ മനസിന് രോഗമുണ്ടാകാമെന്നും, അതില്ലെന്ന് ഉറപ്പാക്കണമെന്നും ചൂണ്ടിക്കാണിക്കുന്ന പഠനങ്ങളുണ്ട്. എല്ലാ സംഭവങ്ങൾക്ക് പിന്നിലും മനോരോഗമാണെന്ന് അർത്ഥമില്ല. കുടുംബപ്രശ്‌നങ്ങളും, അവിഹിതവും, ഒഴിവാക്കപ്പെടേണ്ട കുഞ്ഞെന്ന വികാരവുമൊക്കെ ചിലപ്പോൾ പ്രേരണാഘടകമാകാം.
1000 ചീത്തവ്യക്തികളെ ശിക്ഷിക്കാനുള്ള ആവേശത്തിൽ മനോരോഗമുള്ള ഒരാളും പെട്ടുപോകരുതെന്ന ജാഗ്രത പുലർത്തണം. കുറ്റകൃത്യങ്ങളിലേർപ്പെടുന്ന മനോരോഗമുള്ള ആളുടെ ചരിത്രം പരിശോധിച്ചാൽ, യഥാസമയം ചികിത്സ കിട്ടിയില്ലെന്ന് കാണാറുണ്ട്. മനസിക രോഗമുള്ളവരിൽ ചെറിയൊരു ശതമാനം മാത്രമാണ് അക്രമത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും വഴുതിവീഴുന്നത്. അത് ചികിത്സയിലൂടെ തടയാം.
ജാഗ്രതാസമിതികൾ സജീവമാകണം കുടുംബത്തിലെ സ്‌നേഹമില്ലായ്മയും അസ്വാരസ്യങ്ങളും പകയിലേക്കും അക്രമത്തിലേക്കും കൊലയിലേക്കുമൊക്കെ പോയേക്കാം. താളംതെറ്റലുള്ള കുടുംബങ്ങളെ തിരിച്ചറിയാനും കുറ്റകൃത്യങ്ങളിലേക്ക് പോകും മുൻപ് ഇടപെടാനുമുള്ള സാമൂഹിക പിന്തുണ സംവിധാനമുണ്ടാകണം. അതിന് വാർഡ് തലത്തിൽ ജാഗ്രതാസമിതികൾ രൂപീകരിക്കണം. ജാഗ്രതയുണ്ടെങ്കിൽ ഇത്തരം കൊലപാതകങ്ങളും കൂട്ട ആത്മഹത്യകളുമുണ്ടാകില്ല. സാമൂഹിക മൂലധനത്തിന്റെ (social capital) ശോഷണമാണ് ഇത്തരം സംഭവങ്ങളിലൂടെ കാണുന്നത്. മനുഷ്യർ തമ്മിലുള്ള ആശയവിനിമയവും മാനസിക അടുപ്പവുമാണ് സാമൂഹിക മൂലധനത്തിന്റെ പ്രധാന ചേരുവ.
ഡിജിറ്റൽ ലോകവും വിനയായി സാമൂഹികവത്കരം ശോഷിക്കും വിധം വ്യക്തികൾ ഡിജിറ്റൽ ലോകത്തിലേക്കു ചുരുങ്ങുമ്പോൾ മനസിന്റെയും പെരുമാറ്റത്തിലെയും മാറ്റം തിരിച്ചറിയപ്പെടാതെയും പരിഹാരമുണ്ടാകാതെയും പോകും.
കുഞ്ഞിനെ കൊല്ലും വിധത്തിലുള്ള മനോനിലയിലേക്കു പോകുന്ന അമ്മയുടെയോ വീട്ടിൽ തന്നെ കൊലപാതകം ചെയ്യാൻ മുതിരുന്ന മറ്റു കുടുംബാംഗങ്ങളുടെയും പെരുമാറ്റങ്ങളിൽ ഇതിന്റെ സൂചന നേരത്തേ ഉണ്ടാകാം. സ്വയം ലോകം തീർത്ത് അതിൽ മുഴുകിയിരിക്കുന്ന മറ്റുള്ളവർ ഇതൊക്കെ എങ്ങനെ കാണാനാണ്.
സാമൂഹികവത്കരണം ശുഷ്‌കമാകുന്ന പരിസരങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഇനിയുമുണ്ടാകാം. ഗുണപരമായ സാമൂഹിക മൂലധനം വീണ്ടെടുക്കണം. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. ഇത്തരം ദുരന്തവാർത്തകൾ കേട്ട് നമ്മൾ മനസ് പൊള്ളിക്കേണ്ടിവരും.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റാണ് ലേഖകൻ)