എൽ.കെ.ജിയിലെ കല്യാണിയെ കാത്ത് പാഠപുസ്തകങ്ങൾ
കോലഞ്ചേരി: മാമല എസ്.എൻ.എൽ.പി സ്കൂളിലെ അദ്ധ്യാപകരും മറ്റു ജീവനക്കാരും ഉള്ളുപൊള്ളുന്ന വേദനയോടെയാണ് കല്യാണിയുടെ വേർപാടറിഞ്ഞത്. എൽ.കെ.ജി ക്ളാസിൽ അഡ്മിഷനെടുത്ത കല്യാണി സുഭാഷ് ഉൾപ്പെടെയുള്ള കുട്ടികൾക്ക് നൽകേണ്ട പാഠപുസ്തകങ്ങൾ ഇന്നലെയാണ് സ്കൂളിലെത്തിയത്. പുസ്തകങ്ങൾ തരംതിരിച്ചു വയ്‌ക്കാനായി സ്കൂളിലെത്തിയപ്പോഴാണ് പലരും സംഭവമറിഞ്ഞത്. സഹോദരൻ കാശിനാഥും ഇവിടെയാണ് പഠിച്ചത്. നാലാംക്ളാസ് കഴിഞ്ഞപ്പോൾ കാശിനാഥ് കണ്ണ്യാട്ടു നിരപ്പ് സ്കൂളിലേക്ക് മാറി. കാശിയെ വിളിക്കാനായി ബന്ധുക്കളെത്തുമ്പോൾ എന്നും കല്യാണിയും കൂടെ കാണുമായിരുന്നു. സ്കൂളിലെത്തും മുമ്പേ അദ്ധ്യാപകർക്ക് പ്രിയങ്കരിയായിരുന്നു അവൾ. ജനന സർട്ടിഫിക്കറ്റും ആധാർ കാർഡുമെടുത്ത് വരുമെന്നു പറഞ്ഞ് ടാറ്റ നൽകി പോയ കുട്ടിയെയാണ് പെറ്റമ്മ ഇല്ലാതാക്കിയത്.
കഴിഞ്ഞ എട്ടിനാണ് അച്ഛൻ സുഭാഷിനും കാശിക്കുമൊപ്പം വന്ന് സ്കൂളിൽ ചേർന്നതെന്ന് ഹെഡ്മിസ്ട്രസ് സിന്ധു രാഘവൻ പറഞ്ഞു. ഏട്ടന്റെ ക്ളാസിൽ പഠിക്കണമെന്നായിരുന്നു അന്ന് അവൾ പറഞ്ഞത്. എൽ.കെ.ജിയിലെ കളിപ്പാട്ടങ്ങൾ കണ്ടതോടെ അതിനു പിറകേ പോവുകയായിരുന്നു.