പൊലിഞ്ഞത് കീഴ്‌പള്ളി വീട്ടിലെ ഏക പെൺതരി
കോലഞ്ചേരി: വേലായുധന്റെ മകൻ സുഭാഷിന്റെ മകളായി കല്യാണി ജനിക്കുമ്പോൾ ബന്ധുക്കൾ ഏറെ സന്തോഷത്തിലായിരുന്നു. കീഴ്പള്ളി കുടുംബത്തിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന പെൺകുഞ്ഞായിരുന്നു അവൾ. പുത്തൻകുരിശ് ശാസ്താംമുഗൾ പണിക്കരുപടിയിലുള്ള ഈ കുടുംബത്തിലെ എല്ലാവരും അടുത്തടുത്താണ് താമസം. ആൺതരികൾ മാത്രം പിറന്നിരുന്ന കുടുംബം. അതുകൊണ്ടുതന്നെ കല്യാണി എല്ലാവർക്കും ഏറെ പ്രിയങ്കരിയായി.
തിരുവനന്തപുരത്ത് നിർമ്മാണ ജോലിക്കാരനായ സുഭാഷിന്റെ അനുജന്മാരായ സുമേഷും സുബിനും അമ്പലമുകൾ കൊച്ചി റിഫൈനറിയിലെ കൺസ്ട്രക്ഷൻ ജോലിക്കാരാണ്. അച്ഛനെക്കാളേറെ കല്യാണിക്ക് അടുപ്പം ഇവരോടായിരുന്നു. നാലര വയസുകാരിയെ ഇക്കാലമത്രയും താലോലിച്ച് വളർത്തിയത് അവിവാഹിതരായ ഇവരാണ്. കല്യാണിക്ക് പലഹാരങ്ങളുമായേ ഇവർ വീട്ടിലേക്ക് എത്താറുള്ളൂ. 12 വയസുകാരനായ ജ്യേഷ്ഠൻ കാശിനാഥാണ് അവളുടെ ഏറ്റവും പ്രിയപ്പെട്ട മറ്റൊരാൾ. ഇളയച്ഛന്മാരും മുത്തച്ഛൻ വേലായുധനും മുത്തശ്ശി രാജമ്മയും തറവാട്ടു വീട്ടിലും സുഭാഷും കുടുംബവും തൊട്ടടുത്ത വീട്ടിലുമായിരുന്നു താമസം.