കൂസലില്ലാതെ സന്ധ്യ

Wednesday 21 May 2025 3:19 AM IST

ആലുവ: നൊന്തുപെറ്റ മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയിട്ടും പൊലീസ് കസ്റ്റഡിയിൽ കൂസലില്ലാതെ സന്ധ്യ. പരസ്പര വിരുദ്ധമായ മറുപടി പറഞ്ഞ് വഴിതെറ്റിക്കാനായിരുന്നു സന്ധ്യയുടെ ശ്രമം. വീട്ടിൽ നിന്ന് ചെങ്ങമനാട് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് പുഴയിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞ കാര്യം സന്ധ്യ നിസ്സംഗയായി വിവരിച്ചത്. അടുത്ത ബന്ധുക്കളും വാർഡ് മെമ്പറും കാണാനെത്തിയപ്പോഴും കുറ്റബോധമോ സങ്കടമോ ഒട്ടും പ്രകടിപ്പിച്ചില്ല. മകനെയോ ഭർത്താവിനെയോ വീട്ടുകാരെയോ താൻ കൊന്ന മകളെയോ കാണണമെന്ന് ഒരുവട്ടം പോലും പറഞ്ഞതുമില്ല. അങ്കമാലി​ താലൂക്ക് ആശുപത്രി​യി​ൽ മെഡി​ക്കൽ ചെക്കപ്പി​ന് പോയപ്പോൾ ചായകുടി​ച്ചു. രാത്രി​ ഭക്ഷണം കഴി​ച്ച് സുഖമായി​ ഉറങ്ങി​.

കല്യാണിയുമായി അങ്കണവാടിയിൽ നിന്ന് അമ്മ സന്ധ്യ ആദ്യമെത്തിയത് ആലുവ മണപ്പുറത്താണ്. വൈകിട്ട് അഞ്ചരയോടെ സംശയാസ്പദമായ സാഹചര്യത്തിൽ യുവതി കുട്ടിയുമായി ആൽത്തറയ്ക്ക് സമീപം ഇരിക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവർ തോട്ടക്കാട്ടുകര സ്വദേശി സനലിന്റെ ശ്രദ്ധയിൽപ്പെട്ടു. സനൽ ഇവരെ നിരീക്ഷിക്കുന്നതിനിടെ ഓട്ടം ലഭിച്ചപ്പോൾ സുഹൃത്ത് തോട്ടക്കാട്ടുകര സ്വദേശി വിജയനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. വിജയൻ എത്തിയപ്പോൾ അമ്മയും മകളും മണപ്പുറം ക്ഷേത്രത്തിന് മുന്നിലായിരുന്നു. എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ വെറുതെ വന്നതെന്നായിരുന്നു മറുപടി. പിന്നാലെ യുവതി കുട്ടിയുമായി റോഡിലെത്തി ഓട്ടോറിക്ഷയിൽ കയറി തോട്ടക്കാട്ടുകര ഭാഗത്തേക്ക് പോയി.

സന്ധ്യ മകളെ കൊല്ലാനുള്ള കാരണം വ്യക്തമാകാനുണ്ട്. അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ അന്വേഷണ ഘട്ടങ്ങളിൽ മാനസിക വിദഗ്ദ്ധരെയും ഉൾപ്പെടുത്തും

- എം. ഹേമലത,​

റൂറൽ പൊലീസ് മേധാവി