പ്രവാസികൾക്ക് വലിയ തിരിച്ചടി നൽകി യുഎഇ ബാങ്കുകൾ; നാട്ടിലേയ്ക്ക് അയയ്ക്കുന്ന തുക ഇനി കുറയും?

Wednesday 21 May 2025 2:44 PM IST

അബുദാബി: മിനിമം ബാലൻസ് തുക ഉയർത്താനുള്ള നീക്കത്തിൽ യുഎഇയിലെ ബാങ്കുകൾ. 3000 ദി‌ർഹത്തിൽ (69,925.80 രൂപ) നിന്ന് 5000 ദിർഹം (1,16,543.00 രൂപ) ആയി ഉയർത്താനാണ് നീക്കം. സെൻട്രൽ ബാങ്കിന്റെ വ്യക്തിഗത വായ്‌പാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. പുതിയ നിയമം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

പുതിയ നയപ്രകാരം അക്കൗണ്ടിൽ 5000 ദിർഹം മിനിമം ബാലൻസ് ഇല്ലാത്തവർക്ക് പ്രതിമാസം 25 ദിർഹം ഫീസ് നൽകേണ്ടിവരും. ക്രെഡിറ്റ് കാർഡോ ബാങ്കുമായി വ്യക്തിഗത പണമിടപാടോ ഇല്ലാത്തവരിൽ നിന്നാണ് അധികഫീസ് ഈടാക്കുന്നത്. അതേസമയം, 20,000 ദിർഹമോ അതിൽ കൂടുതലോ ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് അധിക ഫീസ് ഒഴിവാക്കും. 15,000 ദിർഹമോ അതിൽ കൂടുതലോ പ്രതിമാസ ശമ്പള ട്രാൻസ്ഫർ ഉള്ളവർക്കും ഫീസ് ഒഴിവാക്കുന്നതായിരിക്കും.

ക്രെഡിറ്റ് കാർഡ്, ഓവർഡ്രാഫ്റ്റ് സൗകര്യം, വായ്പ എന്നിവയില്ലാതെ 5000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയിൽ പ്രതിമാസ ശമ്പളകൈമാറ്റം നടത്തുന്ന ഉപഭോക്താക്കൾ, 5000 ദിർഹത്തിൽ താഴെ ശമ്പള കൈമാറ്റം നടത്തുന്നവർ എന്നിവരിൽ നിന്നും 25 ദിർഹം ഫീസ് ചുമത്തും. മുകളിൽ പറഞ്ഞ വിഭാഗങ്ങളിൽ പെടാത്ത എല്ലാ ബാങ്ക് ഉപഭോക്താക്കളും 100 ദിർഹം അല്ലെങ്കിൽ 105 ദിർഹം ഫീസ് നൽകേണ്ടതായി വരുമെന്നും അധികൃതർ വ്യക്തമാക്കി. ബാങ്കുകളുടെ പുതിയ നയം കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അക്കൗണ്ടിൽ മിനിമം ബാലൻസ് കണ്ടെത്തുന്നതിനായി സ്വന്തം ചെലവുകളും നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണവും കുറയ്ക്കേണ്ടതായി വരും. അല്ലെങ്കിൽ ഇത്തരം തൊഴിലാളികൾ ക്രെഡിറ്റ് കാർഡുകളോ ലോണുകളോ എടുക്കേണ്ടതായി വരുമെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.