കളമശേരി നഗരസഭാ ക്രമക്കേട്; കെ സ്മാർട്ടിനെ പഴിചാരി അധികൃതർ

Thursday 22 May 2025 12:40 AM IST

 അസംബന്ധവും അജ്ഞതയുമെന്ന് മന്ത്രി രാജേഷ്

കൊച്ചി: കളമശേരി നഗരസഭയിലെ കോടികളുടെ ക്രമക്കേടുകളിൽ ന്യായീകരണവുമായി നഗരസഭാ അധികൃതർ. കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലെ പാകപ്പിഴകളാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചതെന്ന് ചെയർപേഴ്‌സൺ സീമ കണ്ണനും നഗരസഭാ കൗൺസിലർ ജമാൽ മണക്കാടനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ചെയർപേഴ്‌സണെ ഒപ്പമിരുത്തി ജമാൽ മണക്കാടനാണ് വിഷയത്തിൽ വിശദീകരണവും മറുപടിയും നൽകിയത്.

ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാതെയാണ് കെസ്മാർട്ട് നടപ്പാക്കിയത് ആശയക്കുഴപ്പങ്ങൾക്ക് കാരണമായെന്ന് ജമാൽ ആരോപിച്ചു. 202324 വർഷത്തെ ഓഡിറ്റ് പരിശോധനയ്ക്ക് 2025 ജനുവരിയിൽ വന്നവർ 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റുകളാണ് പരിശോധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

'അസംബന്ധം' എന്ന് മന്ത്രി കെ സ്മാർട്ടിലെ കുഴപ്പങ്ങളാണ് നഗരസഭയിലെ ക്രമക്കേടിന് കാരണമെന്ന് പറയുന്നത് അസംബന്ധവും അജ്ഞതയുമാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജനുവരിയിലാണ് കെസ്മാർട്ട് ഔദ്യോഗികമായി ആരംഭിച്ചതെന്ന് ആരോപണമുന്നയിക്കുന്നവർ ഓർക്കണമെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. മാത്രമല്ല, 2023-24 വർഷത്തെ ഓഡിറ്റിലാണ് ക്രമക്കേടുകൾ. മറ്റ് നഗരസഭകളിലൊന്നും ഇല്ലാത്ത പ്രശ്‌നം എങ്ങനെയാണ് കളമശ്ശേരിയിൽ മാത്രമുണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കെസ്മാർട്ടിൽ വിവരങ്ങൾ സുതാര്യമായി. അന്വേഷണവുമായി മുന്നോട്ട് പോകും. ക്രമക്കേട് പിടിക്കപ്പെടും. ക്രമക്കേട് കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചെയർപേഴ്‌സൺ 'റബർ സ്റ്റാമ്പ്' വാർത്താസമ്മേളനത്തിൽ ഉടനീളം കൗൺസിലർ ജമാൽ മണക്കാടന്റെ സഹായിയുടെ റോളിലേക്ക് ചെയർപേഴ്സൺ ഒതുങ്ങി. നഗരസഭാ സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർ മറുപടി പറയേണ്ട കാര്യങ്ങളിൽ പോലും ഇദ്ദേഹമാണ് സംസാരിച്ചത്. വാർത്താസമ്മേളനത്തിന്റേതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളുടെ താഴെ നിറയുന്ന കമന്റുകളിലെല്ലാം ഇതേ ചോദ്യങ്ങളാണ്.

നഗരസഭയുടെ ന്യായവാദങ്ങൾ

1. കെ സ്മാർട്ടിലൂടെ ജനുവരി 2024 മുതൽ ജനങ്ങൾ നഗരസഭയിൽ ഒടുക്കിയ തുക അതത് ദിവസമോ തൊട്ടടുത്ത ദിവസമോ നഗരസഭാ അക്കൗണ്ടിലേക്ക് വരവു വച്ചില്ല. 2. തുക ഇൻഫർമേഷൻ കേരള മിഷന്റെ (ഐ.കെ.എം) സോഫ്‌റ്റ്‌വെയറിൽ ഐ.കെ.എം അക്കൗണ്ടിലേക്കാണ് പൊയ്‌ക്കൊണ്ടിരുന്നത്. 3. 2024 ജനുവരി മുതലുള്ള ഓൺലൈൻ പേയ്‌മെന്റുകളുടെ തുകകൾ 2024 ഏപ്രിൽ മുതലുള്ള തുടർമാസങ്ങളിൽ വിവിധ തീയതികളിലും വിവിധ ബാച്ചുകളിലുമായാണ് നഗരസഭാ അക്കൗണ്ടിലേക്ക് വരവ് വച്ചതെന്നത് ഓഡിറ്റ് പരിശോധനാവേളയിൽ ബോധ്യപ്പെടുത്തിയിരുന്നു 4. നഗരസഭാ അക്കൗണ്ടിലെ വരവുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകുമെന്ന് ഓഡിറ്റ് വിഭാഗത്തെ അറിയിച്ചിരുന്നു 5. കണക്കിലില്ലെന്ന് ആരോപിച്ചിട്ടുള്ള തുകയും നഗരസഭയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്‌