ദേശീയപാത: എറണാകുളത്തും ആശങ്ക
കൊച്ചി: അശാസ്ത്രീയമായ നിർമ്മാണവും വസ്തുക്കളുടെ ഗുണനിലവാര കുറവും ജില്ലയിലെ ദേശീയപാതാ വികസനത്തിൽ ആശങ്ക പരത്തുന്നു. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാത നിർമ്മാണത്തിന്റെ നിലവാരം ശാസ്ത്രീയമായി വിലയിരുത്തണമെന്നാണ് ആവശ്യം.
ജില്ലയിൽ പാലങ്ങൾ നിർമ്മിച്ചതിലെ അശാസ്ത്രീയത നേരത്തെ വിവാദമായിരുന്നു. ബോട്ടുകളും മറ്റ് ജലയാനങ്ങളും സഞ്ചരിക്കുന്ന പുഴകൾക്ക് കുറുകെയുള്ള പാലങ്ങൾ ആവശ്യത്തിന് ഉയരമില്ലാതെയാണ് നിർമ്മാണം ആരംഭിച്ചത്. പിന്നീട് നാട്ടുകാർ തർക്കം ഉന്നയിച്ചതോടെ നോർത്ത് പറവൂർ, ചെറിയപ്പിള്ളി പാലങ്ങൾ പൊളിച്ച് ഉയർത്തി പുനർനിർമ്മിക്കുകയായിരുന്നു.
പ്രദേശങ്ങളുടെ പ്രത്യേകതകളും സാഹചര്യവും വിലയിരുത്താതെയാണ് നിർമ്മാണം എന്നാണ് പ്രധാന ആരോപണം. പ്രധാന സ്ഥലങ്ങളിൽ അടിപ്പാത (അണ്ടർപാസ്) ഇല്ലാത്ത നിർമ്മാണവും പ്രതിഷേധത്തിന് കാരണമാകുന്നു.
വേഗത്തിൽ തീർക്കാൻ വ്യഗ്രത നിർമ്മാണവസ്തുക്കളിലും പ്രവൃത്തികളിലും ആവശ്യമായ ഗുണനിലവാരം പാലിക്കാത്തതും നിശ്ചയിച്ച സമയത്തിനുമുമ്പ് അതിവേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള വ്യഗ്രതയും അടിക്കടി അപകടങ്ങൾക്ക് കാരണമാകുന്നു.
നിശ്ചിത സമയത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്ന സർക്കാരിൽ നിന്നുള്ള സമ്മർദ്ദമാണ് കാരണമെന്നാണ് കരാർ കമ്പനിയുടെ വാദം. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അനിവാര്യമായ പരിശോധനകളും മേൽനോട്ടവും നടത്താൻ ദേശീയപാത അതോറിട്ടിയും പൊതുമരാമത്ത് ഹൈവേ വിഭാഗവും തയ്യാറാകണമെന്ന് ദേശീയപാതാ സംയുക്ത സമരസമിതി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വീഴ്‌ചകൾ ആവർത്തിക്കുന്നു
1.മലപ്പുറത്ത് കൂരിയാട് തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.
2.കോഴിക്കോട്ടും കാസർകോട്ടും പാത ഇടിഞ്ഞു താഴ്ന്നു
ആലപ്പുഴ ബൈപ്പാസിലും മാഹി ബൈപ്പാസിലും കുറ്റൻ ഗർഡറുകൾ തകർന്നുവീണു
3.ആലപ്പുഴയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചിരുന്നു
4.കൊല്ലം ബൈപ്പാസിലും പാത ഇടിഞ്ഞു താഴ്ന്നു.
5.കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പാർശ്വഭിത്തികൾ തകർന്നു
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ദേശീയപാതയെ ദുരന്ത പാതയാക്കി മാറ്റരുത്.""
ഹാഷിം ചേന്നാമ്പിള്ളി
കൺവീനർ
ദേശീയപാതാ സംയുക്ത സമരസമിതി