സൂഷ്മ പരിശോധന പൊളിച്ചു ജോലിക്കായുള്ള 'വളഞ്ഞവഴി' !
കുസാറ്റിലെ പൂർവ വിദ്യാർത്ഥിക്കെതിരെ കേസ്
തെറിച്ചത് അരുണാചൽ പി.ഡബ്ല്യു.ഡിയിലെ ജോലി
കൊച്ചി: പഠിച്ചത് ബി.ടെക് ഇൻഫർമേഷൻ ടെക്‌നോളജി. ജോലിക്കായി വേണ്ടിയിരുന്ന അടിസ്ഥാന യോഗ്യതയാകട്ടെ ബി.ടെക് മെക്കാനിക്കൽ എൻജിനിയറിംഗും. അരുണാചൽ പ്രദേശ് പൊതുമരാമത്ത് വകുപ്പിലെ മികച്ച ജോലിക്കായി വ്യാജ രേഖകൾ സമർപ്പിച്ച യുവാവിന് മൂന്ന് വർഷത്തിന് ശേഷം നടന്ന സർട്ടിഫിക്കറ്റ് പരിശോധന 'പണിയായി'. ജോലി തെറിച്ചു, പൊലീസ് കേസായി!
കുസാറ്റിലെ പൂർവ വിദ്യാർത്ഥിയും തൃശൂർ സ്വദേശിയുമായ യുവാവിനെതിരെയാണ് അന്വേഷണം. കൊച്ചിൻ സർവകലാശാലയുടെ പരാതിയിലാണ് നടപടി. അരുണാചൽ പൊതുമരാമത്ത് വകുപ്പ് ആദ്യമായാണ് ജീവനക്കാരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ തീരുമാനിച്ചത്. ഒരിക്കലും പരിശോധനയുണ്ടാകില്ലെന്ന് കരുതി ജോലിയുമായി മുന്നോട്ടുപോകുകയായിരുന്നു യുവാവ്.
സീൻ 1 2006ലാണ് തൃശൂർ സ്വദേശി കുസാറ്റിൽ നിന്ന് ബി.ടെക് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നല്ല മാർക്കോടെ പഠനം പൂർത്തിയാക്കുന്നത്. ശേഷം വിവിധയിടങ്ങളിൽ ജോലി ചെയ്തു. 2018ൽ അരുണാചൽ പൊതുമരാമത്ത് വകുപ്പിൽ ജോലിക്ക് കയറി. സുഹൃത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങി, അതിൽ സ്വന്തം പേരു വിവരങ്ങളും രജിസ്റ്റർ നമ്പറും തിരുത്തിച്ചേർത്താണ് കടമ്പ കടന്നത്. പ്രാഥമിക പരിശോധനയിൽ വ്യാജനെ തിരിച്ചറിയാൻ അരുണാചൽ സർക്കാരിന് കഴിഞ്ഞില്ല.
സീൻ 2 മൂന്ന് മാസം മുമ്പാണ് അരുണാചൽ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ യോഗ്യത ഉറപ്പാക്കാനുള്ള തീരുമാനത്തെ തുടർന്ന് രേഖകളെല്ലാം കുസാറ്റിലേക്ക് കൈമാറിയത്. ഇവിടുത്തെ സൂക്ഷ്മപരിശോധനയിൽ യുവാവ് മെക്കാനിക്കൽ എൻജിനിയറിംഗ് പഠിച്ചിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ യുവാവ് ബി.ടെക് ഐ.ടി പാസായിട്ടുണ്ടെന്നും വ്യക്തമായി. തുടർന്ന് സർവകലാശാല അധികൃതർ വിവരം വകുപ്പിനെ അറിയിച്ചു. പരാതിയും നൽകി.
സീൻ 3 16ന് കളമശ്ശേരി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇയാളെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും അടുത്ത നടപടി. വ്യാജരേഖ എവിടെ നിന്ന് തയ്യാറാക്കി, ആരെല്ലാം സഹായിച്ചു തുടങ്ങിയ കാര്യങ്ങളിലേക്കും പൊലീസ് അന്വേഷണം നീളും. സംസ്ഥാനത്ത് വ്യാജരേഖ ചമയ്ക്കുന്ന നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ ഏതെങ്കിലും ഒരു സംഘമായിരിക്കാം ഇയാൾക്കും വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതെന്നാണ് നിഗമനം.