വ്യവസായികൾക്ക് ഗുണകരമായ  ഭേദഗതികൾ നടപ്പാക്കി: മന്ത്രി രാജീവ്

Thursday 22 May 2025 12:22 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ ചട്ടങ്ങളിലും നിയമങ്ങളിലും വ്യവസായികൾക്ക് ഗുണകരമായ ഭേദഗതികൾ നടപ്പാക്കിയെന്ന് മന്ത്രി പി. രാജീവ്. കേരള സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ റീജിയണൽ ഓഫീസിന്റേയും പൊതുസമ്മേളനത്തിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2021ൽ ഉദ്യം രജിസ്‌ട്രേഷനിലൂടെ കേരളത്തിൽ 78,747 സൂക്ഷ്മ 5,277 ചെറുകിട 625 ഇടത്തരം അടക്കം ഒരു ലക്ഷത്തിൽ താഴെയാണ് സംരംഭങ്ങളുടെ എണ്ണം. എന്നാൽ,നിലവിലത് 15.35 ലക്ഷവും. വ്യവസായ മേഖലയിലെ ഈ മാറ്റത്തിന് സംരംഭകരും വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയും അടക്കമുള്ളവരുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് കാരണം. സംരംഭകരിൽ നിരവധി സ്ത്രീകളുമുണ്ടെന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

2026 ജനുവരിയിൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്‌പോയുടെ ലോഗോയും ബ്രോഷറും മന്ത്രി ചടങ്ങിൽ പ്രകാശിപ്പിച്ചു. മരണാനന്തര സാമ്പത്തിക സഹായവും കൈമാറി.

കുന്നുകുഴി തമ്പുരാൻമുക്കിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ റീജയണൽ ഓഫീസ്.

ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എ നിസാറുദീൻ അദ്ധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പൈക്കട,ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് എ. ഫസിലുദീൻ,കെ.എസ്.എസ്.എഫ് ചെയർമാൻ എം. ഖാലിദ്,എസ്.എൽ.ബി.സി കൺവീനർ കെ.എസ് പ്രദീപ്,എസ്.ഐ.ഡി.ബി.ഐ ജി.എം പി.എസ് മനോജ്,വൈസ് പ്രസിഡന്റ് പി.ജെ ജോസ്,എ.വി സുനിൽ നാഥ്,ട്രഷറർ ബി.ജയകൃഷ്ണൻ,കെ.വി അൻവർ,കെ.പി രാമചന്ദ്രൻ നായർ,ദാമോദർ അവണൂർ,​എസ്. സലിം തുടങ്ങിയവർ പങ്കെടുത്തു.