സാമൂഹ്യനീതി ഗുരുദർശനത്തിന്റെ ഭാഗം: സ്വാമി സച്ചിദാനന്ദ
ശിവഗിരി: സാമൂഹ്യ നീതി ഗുരുദർശനത്തിന്റെ ഭാഗമാണെന്നും, ശ്രീനാരായണീയർ ഉൾപെടെയുളള അധഃസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെ പ്രത്യേകിച്ച് പരിഗണിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠം സന്ദർശിച്ച കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനോടും മറ്റ് കോൺഗ്രസ് നേതാക്കളോടും ശിവഗിരിമഠം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് സ്വാമി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കോൺഗ്രസ് പാർട്ടിയിൽ അധഃസ്ഥിത പിന്നോക്ക സമുദായത്തിന് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന നിരവധി പരാതികൾ പൊതുവെ ഉയർന്ന് വരുന്നുണ്ട് . കരുണാകരന്റെയും ആന്റണിയുടെയും കാലത്ത് 25 ഓളം എം.എൽ.എമാരും മന്ത്രിമാരുമൊക്കെ ഉണ്ടായിരുന്ന സ്ഥിതിക്ക് ഇന്ന് ആകെ ഒരു എം.എൽ.എ മാത്രമാണുള്ളത്. പലരും തഴയപ്പെടുന്നു . അത് ശിവഗിരി മഠം ഇടപെട്ട് പരിഹരിക്കണമെന്നതാണ് ലഭിക്കുന്ന നിവേദനങ്ങൾ. രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതി ശിവഗിരി മഠത്തിനില്ല .എന്നാൽ തുല്യമായ സാമൂഹ്യ നീതി
കിട്ടണമെന്നത് ശിവഗിരി മഠത്തിന്റെ അഭിപ്രായമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.