ഷഹബാസ് വധം: പ്രതികളുടെ ജാമ്യഹർജിയിൽ വാദം തുടരും

Thursday 22 May 2025 1:48 AM IST

കൊച്ചി: കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറു സഹപാഠികളുടെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വെള്ളിയാഴ്ച വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിൽ ഇന്നലെ പ്രതിഭാഗം വാദം ഉന്നയിച്ചു.

വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന പ്രതികൾ 80 ദിവസമായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. ഇവരുടെ ജീവൻ അപായപ്പെടുത്തുമെന്ന് ഫോൺ കോളും ഊമക്കത്തും വന്ന സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ജുവനൈൽ കോടതിയും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചത്. ജാമ്യഹർജി നേരത്തേ ഹൈക്കോടതിയും തള്ളിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ഈ ഭീഷണികളിൽ കഴമ്പില്ലെന്ന് വ്യക്തമായെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.

തടഞ്ഞുവച്ചിരുന്ന എസ്.എസ്.എൽ.സി ഫലം പുറത്തുവിട്ടപ്പോൾ കുറ്റാരോപിതരിൽ രണ്ട് പേർക്ക് ഫുൾ എ പ്ലസ് ഉണ്ട്. മറ്റുള്ളവർക്കും നല്ല മാർക്കുണ്ട്. ഹയർസെക്കൻഡറി അലോട്ട്മെന്റ് 24ന് വരാനിരിക്കുകയാണ്. ഇവരുടെ ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു. കേസ് ഡയറിയും മറ്റ് രേഖകളും കോടതി വിളിച്ചുവരുത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3ന് പ്രോസിക്യൂഷന്റെ വാദം നടക്കും.