ഇടിച്ചിൽ തുടരുന്നു, എൻ.എച്ച് 66 പലയിടത്തും ഇന്നലെയും തകർന്നു, ഭീതിയിലായ നാട്ടുകാർ പ്രതിഷേധിച്ചു
തൃശൂർ/കോഴിക്കോട്/കണ്ണൂർ: നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന ആക്ഷേപം ശക്തമായിരിക്കെ, കനത്ത മഴയിൽ ഇന്നലെയും ദേശീയപാത 66 പലയിടത്തും ഇടിഞ്ഞു. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്. ഇതോടെ നാട്ടുകാരുടെ ആശങ്കയേറി.
പലയിടത്തും പ്രതിഷേധമുണ്ടായി. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ഇന്നലെ കേരളകൗമുദി മുഖ്യവാർത്ത നൽകിയിരുന്നു.
കാസർകോട്ട് കാഞ്ഞങ്ങാട് മാവുങ്കാലിലും ചെമ്മട്ടംവയലിനുമിടയിലെ സർവീസ് റോഡ് ഇടിഞ്ഞു താണു. ഇതേഭാഗത്ത് ദേശീയപാതയിൽ 20 മീറ്ററോളം നീളത്തിൽ വലിയ വിള്ളലുണ്ടായി. തൃശൂരിൽ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ അടിപ്പാതയുടെ മുകളിലെ പാലത്തിൽ അമ്പതോളം മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടു.
കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാതയോട് ചേർന്ന് കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ തടയാൻ സോയിൽ നെയിലിംഗ് നടത്തിയ ഭാഗത്ത് വിള്ളലുണ്ടായി. മലയിടിച്ചാണ് ദേശീയപാത നിർമ്മിച്ചത്. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞു. മണ്ണും ചെളിവെള്ളവും സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തി.
കാഞ്ഞങ്ങാട്ട് സർവീസ് റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഇവിടെ ഓവുചാൽ പണികൾ പൂർത്തിയായിരുന്നില്ല. മഴയത്ത് കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ റോഡ‌് ഇടിയുകയായിരുന്നു.
ചാവക്കാട് മണത്തലയിലെ പാലത്തിൽ ടാറിംഗ് പൂർത്തിയായ ഭാഗത്താണ് ആഴത്തിൽ വിള്ളലുണ്ടായത്. വീണ്ടും ടാറിട്ട് വിള്ളൽ അടയ്ക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയിൽ ഇടിഞ്ഞ മണ്ണും ചെളിയും സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തി സാധനങ്ങളടക്കം നശിച്ചതിനെ തുടർന്ന് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.
കൂരിയാടിൽ
മണ്ണിന്റെ പ്രശ്നം
റോഡിന്റെ അടിത്തട്ടിലെ മണ്ണിന്റെ പ്രശ്നമാണ് മലപ്പുറം കൂരിയാടിൽ കഴിഞ്ഞ ദിവസം ദേശീയപാത ഇടിയാൻ കാരണമെന്ന് സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ
സിമന്റ് കട്ട കൊണ്ട് റീട്ടെയിനിംഗ് വാൾ നിർമ്മിച്ചതിൽ അശാസ്ത്രീയതയില്ല. പാതയുടെ രൂപകല്പനയടക്കം വിശദമായി പരിശോധിച്ചശേഷം അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറും
''ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരം. നാഷണൽ ഹൈവേ അതോറിറ്റിയുടെ ടെക്നിക്കൽ ടീം പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്ത് തുടർനടപടികൾ തീരുമാനിക്കും
-പി.എ.മുഹമ്മദ് റിയാസ്,
പൊതുമരാമത്ത് മന്ത്രി
(ഫേസ് ബുക്കിൽ കുറിച്ചത്)