മെഡിസെപ്  പ്രീമിയം,​ ആനുകൂല്യം  കൂട്ടും; ചേരാതിരിക്കാൻ  ഓപ്ഷൻ  വരും 

Thursday 22 May 2025 12:10 AM IST

തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് തുടരാൻ സർക്കാർ തീരുമാനം. സമഗ്രമായി പരിഷ്കരിക്കും. ഇതിനുള്ള ശുപാർശകൾ സമർപ്പിക്കാൻ നിയോഗിച്ച ശ്രീറാം വെങ്കിട്ടരാമൻ സമിതി ചൊവ്വാഴ്ച ധനവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർ നടപടികൾ സ്വീകരിക്കാൻ ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ ചുമതലപ്പെടുത്തി.

പദ്ധതിയിൽ നിന്നു വിട്ടുനിൽക്കാനുള്ള ഓപ്ഷൻ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സർവീസ് സംഘടനകൾ

ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.

പദ്ധതി പരിഷ്ക്കരിച്ചതിന് ശേഷം പുതിയ ടെൻഡർ വിളിച്ചായിരിക്കും കരാർ നൽകുക. കാലാവധിയും പുനഃപരിശോധിക്കും.

മെഡിസെപ് തുടരണമെന്ന് സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ ആശുപത്രികൾ, നടപടിക്രമങ്ങൾ സുതാര്യമാക്കുക.ആശയക്കുഴപ്പം ഒഴിവാക്കുക.സർക്കാർ വിഹിതം ഉൾപ്പെടുത്തക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരായ ദമ്പതികളിൽ ഒരാൾ മരിച്ചാൽ, രണ്ടുപേരുടേയും പ്രീമിയം ജീവിത പങ്കാളിയിൽ നിന്ന് ഈടാക്കുന്ന നിലവിലെ രീതി പാടില്ലെന്നും ആവശ്യമുയർന്നു. ഇക്കാര്യങ്ങളും പരിഗണിക്കും. മൂന്നു വർഷവും പ്രീമിയം അടയ്ക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് മരിച്ചാലും പങ്കാളിയിൽ നിന്ന് പ്രീമിയം പിടിക്കുന്നത്.

പ്രീമിയം ₹ 750, കവറേജ്

5 ലക്ഷത്തിനും ശുപാർശ

#പ്രതിമാസ പ്രീമിയം അമ്പത് ശതമാനം വർദ്ധിപ്പിച്ച് 750 രൂപയാക്കണമെന്നാണ് ശുപാർശ

# ചികിത്സാ ആനുകൂല്യം മൂന്നു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി വർദ്ധിപ്പിക്കണം

# ഒരു കുടുംബത്തിൽ ഒന്നിലേറെ സർക്കാർ ജീവനക്കാരുണ്ടെങ്കിലും ഒരാളിൽ നിന്നു മാത്രം പ്രീമിയം എന്ന ആവശ്യം പരിഗണിക്കണം

# മികച്ച സ്പെഷ്യലിസ്റ്റ് ആശുപത്രികളെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിലവിലെ വ്യവസ്ഥകളിൽ ആവശ്യമായ മാറ്റം വരുത്തണം

# രാജ്യത്തെ മറ്റ് സർക്കാർ നിയന്ത്രിത ആരോഗ്യസുരക്ഷാ പദ്ധതികളുമായി താരതമ്യം ചെയ്ത് കൂടുതൽ ഫലപ്രദമാക്കണം

നിലവിലെ പദ്ധതി

അല്പകാലം നീട്ടും

​# സമഗ്രമാറ്റം വരുത്തുമ്പോൾ നടപ്പാക്കാൻ കുറച്ചു സമയം വേണ്ടിവരും. അതിനാൽ നിലവിലെ മെഡിസെപ് അൽപകാലത്തേക്ക് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നീട്ടും. നടത്തിപ്പ് കമ്പനിയായ ഓറിയന്റൽ ഇൻഷ്വറൻസുമായി ആലോചിച്ചായിരിക്കും തീരുമാനിക്കുക. അതിനുള്ള പ്രീമിയം, വ്യവസ്ഥകൾ ചർച്ച ചെയ്യേണ്ടതുണ്ട്

# 2022 ജൂലായ് ഒന്നിന് തുടങ്ങിയ പദ്ധതിയുടെ കാലാവധി മൂന്ന് വർഷമാണ്. ജൂൺ 30ന് തീരും. കാലാവധി ഒരുവർഷത്തേക്കാണ് നീട്ടുന്നതെങ്കിൽ അടുത്ത സർക്കാരായിരിക്കും പുതിയ കരാർ നൽകുക

11ലക്ഷം

പോളിസി അംഗങ്ങൾ

30 ലക്ഷം

ആശ്രിതർ ഉൾപ്പെടെ

ഗുണഭാേക്താക്കൾ

മെഡിസെപ് തുടരും. ഇതേ കമ്പനിക്ക് നൽകണമെന്നില്ല. വിദഗ്ദ്ധസമിതി റിപ്പോർട്ടിന്മേൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും

-കെ.എൻ.ബാലഗോപാൽ,​

ധനമന്ത്രി