മുഖ്യനുമായി അടുപ്പമെന്ന് വിശ്വസിപ്പിച്ച് ജോലി തട്ടിപ്പ്: യുവാവ് പിടിയിൽ

Thursday 22 May 2025 12:13 AM IST

ഒറ്റപ്പാലം: സെക്രട്ടേറിയറ്റിൽ കുറച്ചുനാൾ ബൈന്റിംഗ് ജോലി ചെയ്തു. ഇതിനിടെ മുഖ്യമന്ത്രിയുമായി അടുപ്പത്തിലായെന്ന് നാട്ടിൽ വിശ്വസിപ്പിച്ച് ജോലി തട്ടിപ്പ് നടത്തിയ വിരുതൻ പിടിയിൽ. 9 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

കോതകുറുശ്ശി പനമണ്ണ പൂമുളംകാട്ടിൽ മുഹമ്മദാലിയാണ് (39) ഇന്നലെ ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. കൂട്ടാളി മുത്തുവിനായി അന്വേഷണം തുടരുകയാണ്. പാലപ്പുറം അങ്ങാടിയിൽ ഹരിദാസിന്റെ മക്കൾക്കായിരുന്നു ഇയാൾ സർക്കാർ ജോലി വാഗ്ദാനം ചെയ്തത്. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ജോലിയെന്നാണ് തട്ടിവിട്ടത്.

2024 ഫെബ്രുവരി മുതൽ ജൂൺ വരെ ബാങ്ക് അക്കൗണ്ട് മുഖേനയും, നേരിട്ടുമാണ് ഹരിദാസ് പണം കൈമാറിയത്. ജോലി ലഭിക്കാത്തതിനെത്തുടർന്ന് ചോദിച്ചപ്പോൾ,​ വയനാട് ദുരന്ത പുനരധിവാസത്തിന്റെ തിരക്കുകളിലാണ് മുഖ്യമന്ത്രി എന്നു വിശ്വസിപ്പിച്ചു. വീണ്ടും ഇതുതന്നെ ആവർത്തിച്ചപ്പോൾ സംശയം തോന്നിയ ഹരിദാസ് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇവർ മറ്റു ചിലരെയും ഇതുപോലെ പറ്റിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ എം.സുനിൽ, ജെ.പി.അജിത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.