കളിച്ചു തിമിർക്കാം മാധവ മന്ദിരത്തിൽ, വീട്ടുപറമ്പിൽ റിട്ട എസ്ഐയുടെ സൗജന്യ പാർക്ക്

Thursday 22 May 2025 12:14 AM IST

ആലപ്പുഴ: മാവിൽ കയറാം. മാങ്ങ പറിച്ച് ഉപ്പുംമുളകും കൂട്ടി തിന്നാം. മീൻ പിടിക്കാം... കുട്ടികളേ,​ മൊബൈൽ ഫോൺ മാറ്റിവച്ച് മാധവമന്ദിരത്തിൽ വരൂ. കളിച്ചുല്ലസിച്ച് സന്തോഷത്തോടെ മടങ്ങാം. പണമൊന്നും മുടക്കേണ്ട.

ആലപ്പുഴ കഞ്ഞിക്കുഴിയിലെ വീടാണ് മാധവമന്ദിരം. റിട്ട. എസ്.ഐ വി. രാജുവാണ് വീട്ടുമുറ്റത്ത് അടിപൊളി കളിസ്ഥലം ഒരുക്കി കുട്ടികളെ ക്ഷണിക്കുന്നത്. മൊബൈൽ ഗെയിമിൽ മുഴുകി അലസരാകാതെ ന്യൂജൻ കുട്ടികളെ ജീവിതം ആസ്വദിക്കാൻ പഠിപ്പിക്കുകയാണ് രാജു. കാൽ ഏക്കറിൽ കളിക്കോപ്പുകൾ സഹിതം ഒരുക്കാൻ ഒരു ലക്ഷം രൂപ ചെലവിട്ടു.

1993ൽ സർവീസിൽ പ്രവേശിച്ച രാജു മുഖ്യമന്ത്രിയുടെ മെഡലും നേടി കഴിഞ്ഞ മേയിലാണ് വിരമിച്ചത്. അടുത്ത മദ്ധ്യവേനൽ അനധിക്കു മുമ്പ് പാർക്ക് ഒരുക്കണമെന്ന് നിശ്ചയിച്ചു. കാടുമൂടിക്കിടന്ന റോഡരിക് പൂച്ചെടികൾ നട്ട് മനോഹരമാക്കി. അയൽപക്കക്കാർ കൂടി ചേർന്നതോടെ പറമ്പ് മനോഹരമായി. വീടിന് മുന്നിൽ പുല്ലുകൊണ്ട് പരവതാനിയും ഒരുക്കി.

പാഴ് വസ്തുക്കൾ പുനരുപയോഗിച്ചായിരുന്നു കളിക്കോപ്പ് നിർമ്മാണം. പഴയ ടയറുകൾ കയറിൽ തൂക്കി ഊഞ്ഞാലാക്കി. ഇരുമ്പ് തകിടിൽ നിർമ്മിച്ച മങ്കീസ് ബാർ. സൈക്കിൾ സീറ്റും കാരിയറും ഹാന്റിലും ഉപയോഗിച്ച് സിസോ. റോപ്പ് ലാഡർ എന്നുവേണ്ട കൗതുകമേകുന്ന കളിക്കോപ്പുകൾ നിരന്നു. ഏപ്രിലിൽ തുറന്നതോടെ മാധവമന്ദിരം പാ‌ർക്ക് കുട്ടിക്കൂട്ടത്തിന്റെ ഇഷ്ടയിടമായി.

കളിചിരികളിൽ രക്ഷിതാക്കൾക്കും ഒപ്പം കൂടാം. പ്രാഥമികാവശ്യങ്ങൾക്ക് വീട്ടിലെ ടോയ്ലറ്റ് ഉപയോഗിക്കാം.​ പാർക്ക് വൃത്തിയാക്കാനും പരിപാലിക്കാനും ഭാര്യ മഞ്ജുവാണ് സഹായി. നഴ്സിംഗ് വിദ്യാർത്ഥി ആദർശും എൽഎൽ.ബി വിദ്യാർത്ഥി ആതിരയുമാണ് മക്കൾ.

പച്ചക്കറി കൃഷിയിലും

പരിശീലനം

കളിച്ച് തളരുമ്പോൾ കൃത്രിമ മഴയിൽ ആടിത്തിമിർക്കാം. പറമ്പിലെ ചാലിൽ കയാക്കിംഗ് പരിശീലനമുണ്ട്. മാങ്ങയും കശുമാങ്ങയും ഉന്നം പിടച്ച് എറിയാനും പരിശീലിപ്പിക്കും. മാങ്ങ പറിക്കാൻ ആൺകുട്ടികൾക്ക് ക്ളൈംബിംഗ് റോപ്പ്. പെൺകുട്ടികൾക്ക് ലാഡർ. മാലിന്യ സംസ്കരണം, പച്ചക്കറി കൃഷി എന്നിവയും പഠിപ്പിക്കും.

പുതുതലമുറയെ ഇന്റർനെറ്രിന്റെയും ലഹരിയുടെയും പിടിയിൽ നിന്നു രക്ഷിച്ചേ തീരൂ. നാടൻ കളികളും ശീലങ്ങളും പഠിച്ച് നന്മയുള്ളവരായി നമ്മുടെ മക്കൾ വളരണം. എന്നാലാവുന്നത് ചെയ്യുന്നു

- രാജു,​ റിട്ട. എസ്.ഐ