ഡോ. സിസയുടെ നിയമനവും നിയമപരമല്ല: ഹൈക്കോടതി

Thursday 22 May 2025 12:36 PM IST

കൊച്ചി: കേരള ഡിജിറ്റൽ സർവകലാശാലയിൽ താത്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിയും നിയമപരമല്ലെന്നു വ്യക്തമാക്കി ഹൈക്കോടതി ഉത്തരവിറക്കി. വി.സിയുടെ താത്കാലിക ഒഴിവ് നികത്തേണ്ട സാഹചര്യത്തിൽ സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് ചാൻസലറായ ഗവ‌ർണർ നിയമനം നടത്തണമെന്നാണ് സർവകലാശാല നിയമത്തിൽ പറയുന്നത്. ഇത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിട്ടുമുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ ഉത്തരവ്.

എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർ‌വകലാശാലയിലെ താത്കാലിക വി.സിയായി ഡോ. കെ. ശിവപ്രസാദിനെ നിയമിച്ച ചാൻസലറുടെ നടപടിയും ഇതേ കാരണത്താൽ നിലനിൽക്കുന്നതല്ലെന്ന് കോടതി വിധിച്ചിരുന്നു. എന്നാൽ, ഇരുവരുടെയും കാലാവധി 27ന് പൂർത്തിയാകുന്നതിനാൽ അതുവരെ തുടരാൻ അനുവദിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാലയുടെ കാര്യത്തിൽ വ്യക്തത വരുത്തിയ ഉത്തരവാണ് ഇപ്പോൾ പുറത്തിറങ്ങിയത്.