സ്മാർട്ട് റോഡ് ഉദ്ഘാടന വിവാദം; വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: സി.പി.എം മന്ത്രിമാർ തമ്മിൽ അവകാശത്തർക്കമുണ്ടായതിനെ തുടർന്ന് നഗരത്തിലെ സ്മാർട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടു നിന്നുവെന്ന പ്രചാരണം അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു.
'12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമാണ്. മേയ് 16ന് മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാൽ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ റദ്ദാക്കിയിരുന്നു. കാലവർഷ മുൻകരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്ഘാടനവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാദ്ധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തതുമാണ്. എന്നാൽ പിന്നീട് മറ്റെന്തോ കാരണങ്ങൾ കൊണ്ടാണ് റോഡ് ഉദ്ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തതെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടി വിജയകരമായി മുന്നേറുമ്പോൾ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്"".- മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിൽ പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ അസാനിദ്ധ്യമാണ് വിവാദത്തിന് കാരണമായത്. തദ്ദേശ വകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പദ്ധതിയുടെ പൂർണമായ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിച്ചുവെന്ന് ആക്ഷേപമുണ്ടായെന്നും വാർത്ത പ്രചരിച്ചു. ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ എം.ബി. രാജേഷ് അതൃപ്തി അറിയിച്ചെന്നും വാർത്തകൾ വന്നു. എന്നാൽ താൻ ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും, പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്നും മന്ത്രി രാജേഷ് 'കേരളകൗമുദി'യോടു പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ തുടരുമെന്നത് പൊതു ബോദ്ധ്യം: മന്ത്രി രാജീവ്
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ തുടരുമെന്നത് പൊതുബോദ്ധ്യമായി മാറുകയും മാദ്ധ്യമങ്ങൾ അതു പറയുകയും ചെയ്യുന്ന സന്ദർഭത്തിലാണ് മന്ത്രിമാർ തമ്മിൽ തർക്കമെന്ന പ്രചാരണങ്ങൾ വരുന്നതെന്ന് മന്ത്രി പി.രാജീവ്. എൽ.ഡി.എഫ് സർക്കാരിനെതിരെ പറയാൻ ഒന്നും കിട്ടാത്തതു കൊണ്ടാണ് ഇത്തരത്തിലുള്ള വ്യാജ നിർമ്മിതികൾ ചില മാദ്ധ്യമങ്ങൾ പുറത്തു വിടുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്നത് ജനങ്ങളുടെ അഭിപ്രായമായി മാറിയിട്ടുണ്ട്. മന്ത്രിമാർ തമ്മിലെ തർക്കം കാരണം പരിപാടിയിൽ മുഖ്യമന്ത്രി മാറി നിന്നുവെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത . സുഖമില്ലാതിരുന്നതിനാൽ അന്ന് മറ്റു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ഇതറിഞ്ഞിട്ടും വ്യാജ വാർത്ത നൽകുകയാണ്..മറ്റു വകുപ്പുകളുടെയും സഹായം ലഭിക്കുന്നതു കൊണ്ടാണ് വ്യവസായ വകുപ്പിനും നല്ല രീതിയിൽ പ്രവർത്തിക്കാനാകുന്നത്. മുഖ്യമന്ത്രിയും കാര്യക്ഷമമായി ഇടപെടുന്നു. വ്യവസായ വകുപ്പിനു ലഭിക്കുന്ന ക്രെഡിറ്റ് മന്ത്രിസഭയ്ക്കും മുന്നണിക്കും ആകെയുള്ളതാണ്.കൈക്കൂലി നൽകിയാണ് വാർത്ത നൽകുന്നതെന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ അധിക്ഷേപിച്ചപ്പോൾ കാര്യമായ പ്രതികരണം മാദ്ധ്യമങ്ങളിൽ നിന്നുണ്ടായില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു.