ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: സണ്ണി ജോസഫ്
Thursday 22 May 2025 12:53 AM IST
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ദേശീയപാതയുടെ ക്രെഡിറ്റ് അവകാശപ്പെടുന്നവർക്ക് നിർമ്മാണത്തിലെ അപാകതകളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ബാദ്ധ്യതയുണ്ട്. നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ മഴക്കാലം ആരംഭിച്ചപ്പോഴേ പലയിടത്തും വിള്ളലുകൾ രൂപപ്പെടുകയും ഇടിഞ്ഞ് താഴുകയും ചെയ്തിരുന്നു. കാലവർഷം കനക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ദേശീയപാത നിർമ്മാണത്തിൽ വ്യാപകമായ ക്രമക്കേടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി വീഴ്ചവരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സണ്ണി പറഞ്ഞു.