ഷോക്കേറ്റ് തീർത്ഥാടകയുടെ മരണം: ശബരിമലയിൽ ഇലക്ട്രിക്കൽ ഓഡിറ്റിംഗ് നടത്തും
പത്തനംതിട്ട : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടക പരമ്പരാഗത പാതയിൽ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇലക്ട്രിക്കൽ ഓഡറ്റിംഗ് നടത്താൻ ഒരുങ്ങുന്നു. അടുത്ത ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. തീർത്ഥാടക മരിച്ച സംഭവം അതീവ ഗൗരവത്തോടെയാണ് ദേവസ്വം ബോർഡ് കാണുന്നത്. 19ന് വൈകിട്ട് 6.30ന് വാട്ടർ അതോറിട്ടിയുടെ കിയോസ്‌ക്കിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തെലുങ്കാന സ്വദേശി ഭാരതാമ്മ (64) മരിച്ചത്. സംഭവത്തെ തുടർന്ന് 20ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബോർഡ്, ദേവസ്വം ബോർഡ് മരാമത്ത് ഇലക്ട്രിക് വിഭാഗം ഉദ്യോഗസ്ഥർ പ്രാഥമിക പരശോധന നടത്തി. കിയോസ്‌ക്കിന് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ നിന്നാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥസംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. വൈദ്യുതി ഭൂഗർഭ കേബിളിലൂടെ കൊണ്ടുപോകുന്നതാണ് സുരക്ഷിതമെന്ന് വിദഗ്ദ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം ഇന്ന് എറണാകുളത്ത് ചേരുന്ന ഹൈപവർ കമ്മിറ്റിയിൽ അവതരിപ്പിക്കും. കോടതിയുടെ അനുമതിയോടെ ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ ഷോക്കേറ്റ് തീർത്ഥാടക മരിച്ചതിന് ഉത്തരവാദി ആരെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയില്ല. ഭാരതാമ്മയുടെ മൃതദേഹം ഇന്നലെ ദേവസ്വം ബോർഡിന്റെ ചെലവിൽ സ്വദേശമായ തെലുങ്കാനയിലെ ഗോപാൽപേട്ട മണ്ഡലം ഭണ്ഡാരിയ പാക്കുലത്ത് ഇടക്കുടിയിലെത്തിച്ചു. ഇവർക്ക് അപകട ഇൻഷുറൻസിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.
ഭക്തരുടെ സുരക്ഷ ഉറപ്പാക്കണം
ശബരിമലയിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ആചാര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ജീ.പൃഥ്വീപാൽ കോടതിയെ സമീപിച്ചു. ഹൈക്കോടതി ദേവസ്വം ബഞ്ചിനാണ് പരാതി നൽകിയത്. ലക്ഷക്കണക്കിന് തീർത്ഥാടകർ സഞ്ചരിക്കുന്ന തീർത്ഥാടന പാതയിൽ ദേവസ്വം ബോർഡ് അലക്ഷ്യമായാണ് വൈദ്യുതി വിതരണത്തിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ദേവസ്വം ബോർഡും സർക്കാരും ഭക്തർക്കു നേരെ നടത്തുന്നത് കടുത്ത
മനുഷ്യാവകാശ ലംഘനമാണ്. തീർത്ഥാടകർക്കുമാത്രമല്ല വന്യജീവികളുടെ ജീവനും വൈദ്യുതി പോസ്റ്റുകൾ ഭീഷണിയാണ്. രാഷ്ട്രപതി എത്തുന്നതിന് മുന്നോടിയായി എല്ലാ സുരക്ഷാ പരിശോധനയും പൂർത്തിയാക്കിയയിടത്താണ് ഷോക്കേറ്റ് മരണം സംഭവിച്ചിട്ടുള്ളത്.