ഇലന്തൂർ സ്റ്റേഡിയം നിർമ്മാണം അനിശ്ചിതത്വത്തിൽ, കളിക്കളമോ ആക്രിപ്പറമ്പോ ?
പത്തനംതിട്ട : ജീവൻ നഷ്ടമായ ആംബുലൻസ്, തുരുമ്പെടുത്ത കോൺക്രീറ്റ് മിക്സിംഗ് മെഷിൻ, അങ്ങിങ്ങ് കൂട്ടംകൂടിയിരിക്കുന്ന നാടോടി സ്ത്രീകൾ... ടി.കെ റോഡിന് സമീപത്തെ ഇലന്തൂർ സ്റ്റേഡിയത്തിലെ കാഴ്ചയാണിത്. അവധിക്കാലമായിട്ടും കളിയും ആരവങ്ങളും ഒന്നും ഇവിടെയില്ല. 2019ൽ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും ഇലന്തൂർ സ്റ്റേഡിയം നിന്നിടത്ത് നിന്ന് ഒരടി അനങ്ങിയിട്ടില്ല. കാടും പടർപ്പും വളർന്ന് നായകളുടെ അഭയ സ്ഥാനമായി മാറിയിരിക്കുന്നു. ആദ്യഘട്ടമായി ചുറ്റുമതിൽ കെട്ടി പവലിയൻ നിർമ്മാണം തുടങ്ങിയെങ്കിലും പൂർത്തീകരിച്ചില്ല. ഇതിനിടെ കരാറുകാർ മൂന്ന് തവണ മാറി. അങ്ങനെ നിർമ്മാണം നീണ്ടുപോയി. വോളിബോൾ കോർട്ടും സിന്തറ്റിക് ട്രാക്കും ഉൾപ്പെടെയുള്ള പദ്ധതിക്കായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒരേക്കർ 17 സെന്റാണ് സ്റ്റേഡിയത്തിന്റെ സ്ഥലം. 54 സെന്റ് നാട്ടുകാരുടെ കൂട്ടായ്മയായ ഗ്രാമവികസന സമിതി കണ്ടെത്തിയതാണ്. ബാക്കി ഏറ്രെടുക്കലിലൂടെ ലഭിച്ചു. ഇരുപത്തഞ്ച് വർഷം മുമ്പാണ് ഇലന്തൂരിൽ സ്റ്റേഡിയത്തിന് ഭൂമി കണ്ടെത്തുന്നത്. നാട്ടുകാർ ഗ്രാമവികസന സമിതി രൂപീകരിച്ച് പിരിവെടുത്ത് അന്ന് പണം കണ്ടെത്തുകയായിരുന്നു.
ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ ഒപ്പൺ സ്റ്റേജും അതിനകത്ത് ഗ്രില്ലിട്ട് പൂട്ടിയ മുറിയുമെല്ലാം ചെളിയും കാടും മൂടി നശിച്ച് നിലയിലാണ്. കായിക താരങ്ങൾക്കായുള്ള ബോളുകളും ഇതിനകത്തുണ്ട്. പരിശീലനത്തിനായി ജില്ലാക്രിക്കറ്റ് അസോസിയേഷൻ സ്ഥാപിച്ച നെറ്റും കാട് കയറി നശിച്ച നിലയിലാണ്.
സ്റ്റേഡിയം പദ്ധതി
ഫുട്‌ബോൾ കോർട്ട്, പ്രവേശന കവാടം, സിന്തറ്രിക് കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസ് കോർട്ട്, വോളിബോൾ കോർട്ട്, ചുറ്റുമതിൽ , പാർക്കിംഗ് ഏരിയ എന്നിവ നിർമ്മിക്കുമെന്നായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്.
ഫണ്ട് ലഭിച്ചില്ല, പണി മുടങ്ങി
നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഫണ്ട് യഥാസമയം ലഭിക്കാതെ വന്നതോടെ കരാറുകാർ പിൻവാങ്ങിയതാണ് പണികൾ പ്രതിസന്ധിയിലാകാൻ കാരണം. കായിക വകുപ്പിന്റെ ചുമതലയിലാണ് നിർമ്മാണം.
പദ്ധതി ചെലവ് : 85 ലക്ഷം രൂപ
സ്റ്റേഡിയം നിർമ്മാണം നിലവിൽ നടക്കുന്നില്ല. പഞ്ചായത്ത് അധികൃതർ സ്ഥലം കായിക വകുപ്പിന് കൈമാറിയതാണ്.
വിൻസൺ ചിറക്കാല
(ഇലന്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)