കെ.പി.നമ്പൂതിരീസ് ആയുർവേദിക്സ് നൂറാം വാർഷികാഘോഷം 24ന്
തൃശൂർ: പ്രമുഖ ആയുർവേദ ഹെർബൽ ബ്രാൻഡായ കെ.പി.നമ്പൂതിരീസ് ആയുർവേദിക്‌സിന്റെ നൂറാം വാർഷികം തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ 24ന് വൈകിട്ട് നാലിന് നടക്കും. കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയർ, മാദ്ധ്യമ പ്രവർത്തകൻ എൻ.ശ്രീകണ്ഠൻ നായർ എന്നിവർ വിശിഷ്ടാതിഥികളാകും. വടക്കേക്കാട് ഗ്രാമത്തിൽ കെ.പി.നമ്പൂതിരീസ് ദന്തധാവന ചൂർണവുമായി 1925ൽ തുടങ്ങിയ വ്യവസായം ഇന്ന് ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും വികസിച്ചതായി മാനേജിംഗ് ഡയറക്ടർ കെ.ഭവദാസൻ അറിയിച്ചു. കൊളത്താപ്പള്ളി പോതായൻ നമ്പൂതിരി എന്ന കെ.പി.നമ്പൂതിരി ആരംഭിച്ച കെ.പി നമ്പൂതിരീസ് പരിശുദ്ധി, ഗുണമേന്മ, വിശ്വാസം എന്നിവയിൽ അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടോടെയാണ് ജനപ്രിയമായത്. സ്ഥാപകനായ കെ.പി.നമ്പൂതിരിയുടെ മകൻ കെ.രാമൻ നമ്പൂതിരിയാണ് ബ്രാൻഡിന് ശക്തമായ അടിത്തറ പാകിയത്. കമ്പനിയുടെ എല്ലാ ഉത്പാദന യൂണിറ്റുകളും തൊഴിലാളികളും കേരളത്തിലാണ്. മത്സരാധിഷ്ഠിത വിപണിയിൽ പൈതൃകമൂല്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം ആധുനിക ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും ശ്രമം തുടരുകയാണ്. പാരമ്പര്യവും നവീനതയും ചേർത്ത് ഹെർബൽ അടിസ്ഥാനത്തിലുള്ള പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയാണ് അടുത്ത ദൗത്യമെന്നും കെ.ഭവദാസൻ വിശദീകരിച്ചു. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ നാരായണനുണ്ണിയും പങ്കെടുത്തു.