മങ്ങിയും തിളങ്ങിയും സ്വർണ ചാഞ്ചാട്ടം

Thursday 22 May 2025 12:10 AM IST

പവൻ വിലയിൽ 1,760 രൂപയുടെ കുതിപ്പ്

കൊച്ചി: ആഗോള വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് കേരളത്തിലെ സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണ വില അസാധാരണമായ കയറ്റിറക്കങ്ങളാണ് ദൃശ്യമായത്. ഡൊണാൾഡ് ട്രംപിന്റെ തീരുവ നിലപാടുകളും അമേരിക്കൻ സാമ്പത്തിക രംഗത്തെ തളർച്ചയുമാണ് വിലയിൽ ചാഞ്ചാട്ടം ശക്തമാക്കുന്നത്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,310 ഡോളർ വരെ ഉയർന്നിരുന്നു. അമേരിക്ക കടുത്ത മാന്ദ്യ ഭീഷണിയിലാണെന്ന് ഫെഡറൽ റിസർവ് ചെയർമാൻ സൂചന നൽകിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോള ഫണ്ടുകൾ വാങ്ങൽ ശക്തമാക്കിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ഇതോടെ ഡോളറും യു.എസ് ബോണ്ടുകളും വിൽപ്പന സമ്മർദ്ദം നേരിട്ടു.

കേരളത്തിൽ പവൻ വില 1760 രൂപ ഉയർന്ന് 71,440 രൂപയിലെത്തി. ഗ്രാമിന് 220 രൂപ വർദ്ധിച്ച് 8,930 രൂപയായി. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ74,320 രൂപയാണ് നിലവിൽ പവന്റെ റെക്കാഡ് വില. മേയ് 15ന് സ്വർണ വില പവന് 1,560 രൂപ ഇടിഞ്ഞ് 68,880 രൂപ വരെ എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം വില വീണ്ടും കുതിച്ചുയർന്നു.

ഒരാഴ്ചയ്ക്കിടെ പവൻ വിലയിൽ 2,640 രൂപയുടെ വർദ്ധന

ഡോളറിന് കഷ്‌ടകാലം

ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ തുടർച്ചയായി തിരിച്ചടി നേരിടുകയാണ്. പൊതുകടം കുത്തനെ കൂടിയതിനാൽ ആഗോള ധന ഏജൻസിയായ മൂഡീസ് അമേരിക്കയുടെ സോവറിൻ റേറ്റിംഗ് കുറച്ചതാണ് പ്രധാനമായും ഡോളറിന് വെല്ലുവിളിയായത്. അമേരിക്കയുടെ ധനകമ്മി കൂടുമെന്ന ആശങ്കയും ഫെഡറൽ റിസർവ് പലിശ കുറച്ചേക്കുമെന്ന വിലയിരുത്തലും ഡോളറിന് സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇതോടെയാണ് സുരക്ഷിതത്വം തേടി നിക്ഷേപകർ സ്വർണത്തിലേക്ക് ചേക്കേറിയത്.

ആടിയുലയുന്ന ലോക സാമ്പത്തിക ലോകം

1. ഡൊണാൾഡ് ട്രംപിന്റെ പുതിയ ധന ബിൽ അമേരിക്കയുടെ പൊതു കടത്തിൽ അഞ്ച് ലക്ഷം കോടി ഡോളറിന്റെ വർദ്ധനയുണ്ടാക്കും

2. ട്രംപിന്റെ തീരുവ നടപടികൾ അമേരിക്കൻ സാമ്പത്തിക രംഗത്തിന് തിരിച്ചടിയാകുമെന്ന ഫെഡറൽ റിസർവ് നിലപാടും തിരിച്ചടി

3. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ ആക്രമണം നടത്തിയേക്കുമെന്ന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് രാഷ്ട്രീയ സംഘർഷം ശക്തമാക്കുന്നു