ജി.സുധാകരനെതിരായ കേസ് നിലനിൽക്കില്ല
ആലപ്പുഴ: പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചുതിരുത്തിയെന്ന വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി ജി. സുധാകരനെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിന് തെളിവ് കണ്ടെത്താൻ സാധിച്ചില്ല. സുധാകരന്റെ പ്രസംഗത്തിൽ പരാമർശിച്ച 1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തെ ബാലറ്റ് രേഖകൾക്കായി ആലപ്പുഴ സൗത്ത് പൊലീസ് കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ 36 വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിന്റെ രേഖളോ മറ്റു വിവരങ്ങളോ പ്രാഥമികമായ പരിശോധനയിൽ കളക്ടേറ്റിൽ നിന്ന് ലഭിച്ചില്ല. നിലവിൽ പ്രസ്തുത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുകയാണ്. അന്ന് പ്രവർത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനും നീക്കമുണ്ട്. അഥവാ ആരെയെങ്കിലും കണ്ടെത്തിയാലും,36 വർഷം പിന്നിട്ട സംഭവത്തിൽ അവരുടെ മൊഴി എത്രത്തോളം പ്രയോജനപ്പെടുമെന്നും സംശയമുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കേസ് നിലനില്ക്കുന്നതിനാവശ്യമായ തെളിവുകളില്ലെന്നാണ് അനുമാനം.