നരഭോജി കടുവ കൺമുന്നിൽ; മയക്കുവെടി വയ്ക്കാനായില്ല

Thursday 22 May 2025 12:22 AM IST

കാളികാവ് : നരഭോജി കടുവയെ കരുവാരകുണ്ട് പാന്തറ എസ് വളവിലെ മദാരി എസ്റ്റേറ്റിൽ വീണ്ടും കണ്ടു. ഇന്നലെ വൈകിട്ട് നാലോടെയാണ് നാട്ടുകാർ കടുവയെ കണ്ടത്. ഉടൻ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് തൊട്ടുമുന്നിൽ കടുവയെത്തി. 10 മീറ്ററോളം അടുത്തെത്തിയിട്ടും മയക്കുവെടി വയ്ക്കാനുള്ള സജ്ജീകരണമുണ്ടായിരുന്നില്ല. സാധാരണ തോക്കുകളാണ് വനപാലകരുടെ കൈവശമുണ്ടായിരുന്നത്. കടുവ വനത്തിലേക്ക് ഓടിമറഞ്ഞു. ഇരുട്ടുപരന്നതോടെ തെരച്ചിൽ നിറുത്തി. അടയ്ക്കാക്കുണ്ടിൽ തൊഴിലാളിയെ കൊന്ന കടുവ തന്നെയാണിതെന്നാണ് നിഗമനം. ചൊവ്വാഴ്ച കേരള എസ്റ്റേറ്റ് ഭാഗത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു.

തെരച്ചിൽ പുരോഗതി സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. തെരച്ചിലിനായി പറമ്പിക്കുളം കടുവാ സങ്കേതത്തിൽ നിന്നു 30 ക്യാമറകൾ കൊണ്ടുവന്ന് സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ 50 ക്യാമറകൾ സ്ഥാപിച്ചിരുന്നു. തെർമൽ ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. 10 ലൈവ് സ്ട്രീമിംഗ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആർ.ആർ.ടി അംഗങ്ങളുടെ മൊബൈലിൽ കാണാവുന്ന രീതിയിലാണ് ലൈവ് കാമറകൾ ക്രമീകരിച്ചിട്ടുള്ളത്. കടുവയ്ക്കായി രണ്ട് സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.