വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട് നികുതിവിഹിതത്തിൽ കുറച്ചത് 965കോടി

Thursday 22 May 2025 12:22 AM IST

തിരുവനന്തപുരം: കടമെടുപ്പ് പരിധിയിൽ 8000 കോടി വെട്ടിക്കുറച്ചതിനു പിന്നാലെ നികുതി വിഹിതത്തിലും 965കോടി കേന്ദ്രസർക്കാർ നിഷേധിച്ചു.

കേന്ദ്രഗ്രാന്റിലും വായ്പാപരിധിയിലും ഓരോ കാരണം പറഞ്ഞ് വർഷം തോറും കുറവ് വരുത്തുന്നതിന് പുറമെയാണ് പുതിയ കാരണം പറഞ്ഞ് സാമ്പത്തികഅവകാശം വെട്ടിക്കുറയ്ക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനങ്ങളുടെ റവന്യൂ ചെലവിൽ 53% കേന്ദ്ര വിഹിതമാണ്. കേരളത്തിന് മാത്രം അത് 26 ശതമാനമായി പരിമിതപ്പെടുത്തി. ഇതാണ് വിവേചനം. ഇതിന് പുറമെയാണ് ഇപ്പോൾ,

ഐ.ജി.എസ്.ടി.വിഹിതത്തിൽ 965കോടി വെട്ടിക്കുറച്ചത്.ഏപ്രിലിൽ ഐ.ജി.എസ്.ടി ഇനത്തിൽ ലഭിക്കേണ്ട 1700 കോടി രൂപയിൽനിന്നാണ് നേരത്തെയുള്ള പൂളിലെ നഷ്ടം കണക്കാക്കി 965.16 കോടി രൂപ കുറച്ചു നൽകിയത്.

വ്യാപാര സ്ഥാപനങ്ങൾ നൽകിയ കണക്കുകളിൽ തട്ടിപ്പു നടന്നതിന്റെ പേരിൽ കേന്ദ്രത്തിനുണ്ടായ വരുമാന നഷ്ടം നികത്താനാണ് സംസ്ഥാനങ്ങൾക്കു പങ്കുവയ്‌ക്കേണ്ട നികുതിയിൽ കുറവു വരുത്തിയത്. ഐ.ജി.എസ്.ടിയിൽ സാങ്കേതിക പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം നടപടിയെടുത്തില്ല. അതിലൂടെ നഷ്ടമുണ്ടായപ്പോൾ സംസ്ഥാനങ്ങളുടെ വിഹിതത്തിൽ കൈവെയ്ക്കുകയായിരുന്നു.

വായ്പാ പരിധിയിൽ

കുറച്ചത് 3300 കോടി

# പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപത്തിനും വായ്പയ്ക്കും ഗ്യാരന്റി നിൽക്കുന്നതിന്റെ പേരിൽ ഈ വർഷം വായ്പയെടുക്കാവുന്ന തുകയിൽ നിന്ന് 3300 കോടി രൂപ കുറച്ചിരുന്നു. ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിന്റെ പേര് പറഞ്ഞാണ് വായ്പാനുപാതത്തിൽ കുറവ് വരുത്തിയത്. 80,000 കോടി രൂപയ്ക്കാണ് സംസ്ഥാനം ഗ്യാരന്റി നിൽക്കുന്നത്. ഇതിന്റെ അഞ്ചു ശതമാനം ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടായി മാറ്റിവയ്ക്കണമെന്നാണ് ഈ വർഷം വായ്പയെടുക്കുന്നതിനുള്ള നിബന്ധനയായി കേന്ദ്രം പറഞ്ഞത്. അങ്ങനെ ചെയ്തില്ലെങ്കിൽ വായ്പയെടുക്കാവുന്നതിൽ നിന്ന് ജി.എസ്.ഡി.പിയുടെ 0.25 ശതമാനമായ 3300 കോടി രൂപ കുറയ്ക്കുമെന്നാണ് കഴിഞ്ഞദിവസം കത്ത് മുഖേനെ അറിയിച്ചത്. പിന്നാലെ തുക കുറയ്ക്കുകയും ചെയ്തു.

കിഫ്ബിയുടേയും സാമൂഹ്യസുരക്ഷാ പെൻഷൻ ലിമിറ്റഡിന്റെയും വായ്പകളുടെ പേരിൽ 4710കോടി കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചിരുന്നു.ഈ വർഷം ഡിസംബർ വരെ 29,529 കോടിയാണ് വായ്പയെടുക്കാവുന്നതെന്ന് അറിയിച്ചിട്ടുള്ളത്.

അഞ്ചു വർഷം കൂടുമ്പോൾ

കടബാദ്ധ്യത ഇരട്ടിയാവും

ഒരോ അഞ്ച് വർഷം കൂടുന്തോറും ആകെ കട ബാധ്യത ഇരട്ടിയാകുന്നതാണ് മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ സ്ഥിതിവിശേഷമെന്ന് മന്ത്രി പറഞ്ഞു.അതിന്റെ കണക്കും ചൂണ്ടിക്കാട്ടി

ആകെ ബാദ്ധ്യത

2010–11.............................. 78,673 കോടി

2015–16............................. 1,57,370

2020–21............................. 2,96,901

ഈ പ്രവണത അനുസരിച്ച് 2025–26ൽ ബാദ്ധ്യത ഏതാണ്ട് ആറുലക്ഷം കോടി രൂപയാകണം. ഫലത്തിൽ 4.65 ലക്ഷം കോടിയിൽ ആകെ ബാദ്ധ്യത നിൽക്കുമെന്നും ധനമന്ത്രി അറിയിച്ചു.