എൻ.ഐ.എൽ.പി-ഉല്ലാസ് മൂന്നാംഘട്ട ക്ലാസുകൾ ജൂണിൽ , 8000 പേരെ സാക്ഷരരാക്കും
മലപ്പുറം: ജില്ലയിലെ 20 പഞ്ചായത്തുകളിലെ 8,000 പേരെ സാക്ഷരരാക്കുന്ന എൻ.ഐ.എൽ.പി-ഉല്ലാസ് (ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം-ഉല്ലാസ്) മൂന്നാംഘട്ട ക്ലാസുകൾ അടുത്ത മാസം ആരംഭിക്കും. 25 പഠിതാക്കളെയാണ് നിലവിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള സർവേ പുരോഗമിക്കുകയാണ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം 28ന് മലപ്പുറം ജില്ലാ പഞ്ചായത്തിൽ നടക്കും. പഠിതാക്കൾക്ക് പരിശീലനം നൽകാനുള്ള ഇൻസ്ട്രക്ടർമാരെ ഉടൻ തിരഞ്ഞെടുക്കും. 10-ാം ക്ലാസ് പാസായവരെയാണ് ഇൻസ്ട്രക്ടർമാരായി നിയമിക്കുക. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണിത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നാടിനെ പൂർണ സാക്ഷരതയിലെത്തിക്കുകയാണ് ലക്ഷ്യം. ദേശീയ സാക്ഷരതാ മിഷന്റെ നിർദ്ദേശ പ്രകാരമാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്. തിരഞ്ഞെടുക്കുന്ന 8,000 പഠിതാക്കളിൽ 1,680 പേർ പുരുഷൻമാരും 6,320 പേർ സ്ത്രീകളും 1,200 പേർ എസ്.സിയും 400 പേർ എസ്.ടിയും 2,480 പേർ ന്യൂനപക്ഷവും ബാക്കി 3,920 പേർ ജനറൽ വിഭാഗക്കാരും ആയിരിക്കണം. തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നിന്നും ആവശ്യമായ പഠിതാക്കളെ ലഭിക്കാത്ത പക്ഷം മറ്റ് പഞ്ചായത്തുകളെ കൂടി പരിഗണിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയും ജില്ല കളക്ടർ ചീഫ് കോ-ഓർഡിനേറ്ററുമായ സംഘാടക സമിതിയാണ് ജില്ലയിൽ പദ്ധതിക്ക് നേതൃത്വം നൽകുക. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനവും വഹിക്കും. 120 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് നൽകുന്നത്. ഓൺലൈനായോ ഓഫ്‌ലൈനായോ ക്ലാസിൽ പങ്കെടുക്കാം. സാക്ഷരതാ ക്ലാസുകൾ കൂടാതെ ഡിജിറ്റൽ-സാമ്പത്തിക-നിയമ-സാക്ഷരത, ആരോഗ്യ-ശുചിത്വ ബോധവത്ക്കരണം, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവയിലുള്ള പരിശീലനവും നൽകും.
ആദ്യ ഘട്ടത്തിൽ 43,000 പേരാണ് പൂർണ സാക്ഷരത കൈവരിച്ചത്. രണ്ടാം ഘട്ടത്തിൽ 7,991 പേരും സാക്ഷരായി.
മൂന്നാംഘട്ടം നടത്തുന്ന പഞ്ചായത്തുകൾ
വഴിക്കടവ്, എടക്കര, പാണ്ടിക്കാട്, താഴേക്കോട്, മൂർക്കനാട്, ആനക്കയം, ഊർങ്ങാട്ടിരി, വാഴയൂർ, കണ്ണമംഗലം, പറപ്പൂർ, വള്ളിക്കുന്ന്, നിറമരുതൂർ, പുറത്തൂർ, മംഗലം, വെട്ടം, ഇരിമ്പിളിയം, എടപ്പാൾ, നന്നംമുക്ക്, കരുളായി, കൊണ്ടോട്ടി ഗ്രാമപഞ്ചായത്തുകളിലാണ് മൂന്നാംഘട്ടം നടപ്പിലാക്കുക.