കൊവിഡ് കൂടാൻ സാദ്ധ്യത,ജാഗ്രത
Thursday 22 May 2025 12:38 AM IST
തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ കൂടുന്നതിനാൽ കേരളത്തിലും ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെ.എൻ 1 വകഭേദങ്ങളായ എൽ.എഫ് 7, എൻ.ബി 1.8 എന്നിവയ്ക്ക് വ്യാപന ശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം വേണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.