അശാന്തി നിറഞ്ഞ് വിശ്രാന്തി!
കൊല്ലം: സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന പൊതു ശ്മശാനമായ പോളയത്തോട് വിശ്രാന്തിയിൽ, ചാരമാകാതെ ദുരിതങ്ങൾ നീറുന്നു. മഴക്കാലം ആരംഭിക്കുന്നതോടെ സംസ്കാര ചടങ്ങുകൾ ഏറെ ദുഷ്കരമാവും.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ശ്മശാനത്തിന്റെ പ്രവർത്തനം. കരാർ നൽകിയാണ് പ്രവർത്തിപ്പിക്കുന്നത്. കരാറുകാരൻ ചുമതലപ്പെടുത്തിയ അഞ്ച് ജീവനക്കാരും കോർപ്പറേഷൻ നിയോഗിച്ച വാച്ചറും ഇവിടെയുണ്ട്. മഴ പെയ്താൽ, ശവദാഹത്തിന് എത്തുന്നവർക്ക് കയറി നിൽക്കാൻ സുരക്ഷിതമായ ഇടമില്ല. ഒരു മൃതദേഹം ദഹിപ്പിക്കാൻ 250 കിലോ വിറക് വേണ്ടിവരും. അതിനാൽ കൂടുതൽ വിറക് സംഭരിച്ചു വയ്ക്കേണ്ടതുണ്ട്. മാവ്, റബ്ബർ വിറകുകളാണ് ഉപയോഗിക്കുക. ഇവ മഴ നനയാതെ സൂക്ഷിക്കാൻ ഇടമില്ല. പ്ളാസ്റ്റിക് ഷീറ്റുകളും മറ്റും മുകളിലിട്ടാണ് താത്കാലിക പരിഹാരം കാണുന്നത്. വിശാലമായ വിറകുപുര നിർമ്മിക്കണമെന്ന ആവശ്യം അധികൃതർ ഗൗരവത്തിലെടുക്കുന്നില്ല. ചടങ്ങുകൾക്ക് എത്തുന്നവർക്ക് ഉപയോഗിക്കാൻ ടൊയ്ലറ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയുമുണ്ട്.
ദേശീയപാതയോരത്തായി നാലര ഏക്കറിലധികം വിസ്തൃതിയിലാണ് കോർപ്പറേഷന്റെ ചുമതലയിൽ ശ്മശാനം പ്രവർത്തിക്കുന്നതെങ്കിലും കാലാനുസൃതമായ യാതൊരു വികസനവും ഇവിടേക്ക് എത്തുന്നില്ല. ദിവസവും നാലും അഞ്ചും മൃതദേഹങ്ങൾ സംസ്കരിക്കാൻ കൊണ്ടുവരുന്നുണ്ട്. ചില മാസങ്ങളിൽ എണ്ണത്തിൽ വർദ്ധനവുണ്ടാകും. ഒരു സമയം എട്ട് മൃതദേഹങ്ങൾ സംസ്കരിക്കാൻ സംവിധാനമുണ്ട്.
വൈദ്യുതി, വാതക ശ്മശാനങ്ങൾ പൂട്ടി
പരമ്പരാഗത രീതിയിൽ നിന്നൊരു മാറ്റം ലക്ഷ്യമിട്ടാണ് വർഷങ്ങൾക്ക് മുൻപ് ഇവിടെ വൈദ്യുതി ശ്മശാനം നിർമ്മിച്ചത്. വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തിച്ചില്ല. ഹൈന്ദവ ആചാര പ്രകാരം മൃതദേഹം സംസ്കരിക്കുന്നത് തെക്ക്- വടക്ക് കിടത്തിയാണ്. എന്നാൽ ഇവിടെ നിർമ്മിച്ച വൈദ്യുതി ശ്മശാനം കിഴക്ക്- പടിഞ്ഞാറ് ആയിരുന്നു. അതിനാൽ ഈ ശ്മശാനത്തിൽ ദഹിപ്പിക്കാൻ പലരും വിമുഖത കാട്ടി. ഇതോടെ വൈദ്യുത ശ്മശാനത്തിന് താഴുവീണു. പിന്നീട് ഈ പ്രശ്നം മാറ്റി വാതക ശ്മശാനം പ്രവർത്തനം തുടങ്ങി. 2015 സെപ്തംബർ 22ന് ഉദ്ഘാടനം ചെയ്ത വാതക ശ്മശാനത്തിന് ആദ്യഘട്ടത്തിൽ വലിയ സ്വീകാര്യത വന്നു. എന്നാൽ ആളുകൾ പതിയെ പിന്മാറി, പിന്നീട് ഇവിടവും അടച്ചു. ഇപ്പോൾ വിറക് ഉപയോഗിച്ചുള്ള സംസ്കാരം മാത്രമാണുള്ളത്.3500 രൂപയാണ് ഇതിനായി കോർപ്പറേഷൻ ഫീസ് ഈടാക്കുന്നത്.