കാട്ടുപന്നി ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്ക്
Thursday 22 May 2025 12:30 AM IST
കടയ്ക്കൽ: കാട്ടുപന്നിയുടെ ആക്രമണത്തിൽ കടയ്ക്കൽ ഈയ്യക്കോട് ചരുവിള പുത്തൻ വീട്ടിൽ ശാന്തയ്ക്ക് (62) പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെ വീടിന് സമീപമുള്ള തോട്ടിൽ വസ്ത്രങ്ങൾ അലക്കാൻ നിൽക്കുമ്പോഴായിരുന്നു ആക്രമണം.
തൊട്ടിലെ ഒഴുക്കിന്റെ ശബ്ദം കാരണം കാട്ടുപന്നി പാഞ്ഞുവരുന്നത് ശാന്ത അറിഞ്ഞില്ല. തൊട്ടടുത്ത് എത്തിയതോടെ കുതറി മാറാൻ ശ്രമിച്ചെങ്കിലും പന്നി കുത്തി തൊട്ടിലേക്ക് തള്ളി. വീഴ്ചയുടെ ആഘാതത്തിൽ ഇടത് കൈയ്ക്ക് പൊട്ടലേറ്റു. വെള്ളത്തിൽ പൊന്തിക്കിടന്നതുകൊണ്ട് കൂടുതൽ ഉപദ്രവം ഉണ്ടായില്ല. പന്നി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് ഓടിപ്പോയി. പരിക്കേറ്റ ശാന്തയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് പ്ലാസ്റ്ററിട്ടു. ഇയ്യാക്കോട്, കൊപ്പം മേഖലകളിൽ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണ്.