വിദേശത്തേക്ക് പോകാനിരുന്ന യുവാവ് കുത്തേറ്റ് മരിച്ചു
കുളത്തൂപ്പുഴ: അടുത്തമാസം വിദേശത്തേക്ക് പോകാനിരുന്ന യുവാവ് മടത്തറ കാരറയിൽ കുത്തേറ്റ് മരിച്ചു. കാരറ കളിയിലിൽ വീട്ടിൽ സുജിനാണ് (29) കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ കാരറ ചരുവിള പുത്തൻ വീട്ടിൽ അനന്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആളടക്കം ബന്ധുക്കളായ അഞ്ചുപേരെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ മേച്ചേരി ബി.എസ്.കെ ഭവനിൽ സൂര്യജിത്ത് (23), തുമ്പമൺതൊടി വി.എസ് നിവാസിൽ വിവേക് (29) ,നീണ്ടകര അമ്പലത്തിൽ പടിഞ്ഞാറ്റയിൽ ബിജു (32), കാരറ ഉഷസ് ഗാർഡനിൽ വിജയ് (21), സഹോദരനായ പതിനേഴുകാരൻ എന്നിവരാണ് പിടിയിലായത്.ചൊവ്വാഴ്ച രാത്രി 11ഓടെ സുഹൃത്തുക്കളായ സുജിനും അനന്തുവും വീട്ടിലേക്ക് വരുന്ന സമയം കാരറ ചരിപ്പുറത്ത് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു.സുജിനും അനന്തുവും ഭാരവാഹികളായ കാരറയിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളുമായുണ്ടായ വാക്കുതർക്കത്തിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. സുജിന്റെ മുതുകിലും അനന്തുവിന്റെ തലയിലുമാണ് കുത്തേറ്റത്. രക്തത്തിൽ കുളിച്ചുകിടന്ന ഇവരെ സമീപവാസികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജിന്റെ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സുജിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ: ദിലീപ്കുമാർ. അമ്മ: ബേബി. സുരാസ് ഏക സഹോദരനാണ്.
ബെർത്ത് ഡേ പാർട്ടിയിൽ
കൊലപ്പെടുത്താൻ പ്ളാൻ
ബന്ധുക്കൾക്കൊപ്പം തന്റെ ജന്മദിനം ആഘോഷിക്കാൻ ചൊവ്വാഴ്ച കാരറയിൽ എത്തിയതായിരുന്നു ബിജു. ആഘോഷത്തിനിടെയാണ് അഞ്ചംഗ സംഘം ആക്രമിക്കാൻ പദ്ധതിയിട്ടത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട വിവേകിനെയും വിജയ്യേയും നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ഡിവൈ.എസ്.പി ബൈജു സംഭവസ്ഥലത്തെത്തി. ഫോറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു. രക്തക്കറ പുരണ്ട കത്തിയും കഞ്ചാവ് പൊതിയും സ്ഥലത്ത് നിന്ന് കണ്ടെത്തി. 17 കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.