നാല് ലക്ഷം രൂപയുടെ ലഹരി ഗുളികയുമായി യുവാവ് പിടിയിൽ
കൊല്ലം: മുണ്ടയ്ക്കൽ അമൃതകുളം ഭാഗത്ത് രഹസ്യമായി താമസിച്ച് മയക്കുമരുന്ന്, ലഹരി ഗുളികകകൾ വിൽക്കുന്ന ജില്ലയിലെ പ്രധാനി പിടിയിൽ. കൊല്ലം മുണ്ടയ്ക്കൽ പുതുവൽ പുരയിടം നേതാജി നഗർ 114 ൽ വിപിൻ ദിലീപാണ് (30, അച്ചു) ഇന്നലെ എക്സൈസിന്റെ പിടിയിലായത്. നാലുലക്ഷം രൂപയുടെ രണ്ടായിരത്തോളം ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ഗുളികകൾ വലിയ അളവിൽ വാങ്ങി വില്പനക്കായി കൊണ്ടുവരും വഴിയാണ് എക്സൈസ് ഷാഡോ ടീമിന്റെ വലയിലായത്. ബീച്ച് കേന്ദ്രീകരിച്ചാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്. വിദേശത്തേക്ക് പോകാൻ ഇത്തരത്തിൽ പണം സ്വരൂപിക്കുകയായിരുന്നു പ്രതി. ചെറുപ്പക്കാർ അമിതമായി ലഹരിഗുളികകൾ ഉപയോഗിക്കുന്ന ഭാഗങ്ങൾ എക്സൈസ് കമ്മിഷണരുടെ കർശന നിർദേശപ്രകാരം കൊല്ലം റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ സംഘം ഇയാളെ നിരീക്ഷിച്ചുവരികയാണ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജി.ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർ ഷിഹാബുദ്ദീൻ, പി.ഒ ഗ്രേഡ് ടി.ആർ.ജ്യോതി, സി.ഇ.ഒ ശ്യാംകുമാർ, പ്രദീഷ്, ആസിഫ് അഹമ്മദ്, ഡബ്ല്യു.സി.ഒ രാജി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.