ഹെൽമറ്റില്ല, ബൈക്കോടിക്കുന്ന ഭർത്താവിനെ തുടർച്ചയായി ചെരുപ്പുകൊണ്ട് തല്ലുന്ന യുവതി; വീഡിയോ പുറത്ത്

Thursday 22 May 2025 10:28 AM IST

നടുറോഡിൽ വച്ച് ഭർത്താവിനെ മർദിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്നുള്ളതാണ് ഈ വീഡിയോ. ബൈക്കിൽ സഞ്ചരിക്കവേയാണ് യുവതി വണ്ടിയോടിക്കുന്ന ഭർത്താവിനെ തുടർച്ചയായി മർദിക്കുന്നത്, അതും ചെരുപ്പുകൊണ്ട്.

ഇരുപത്തിയൊന്ന് സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ. യുവതി ഭർത്താവിനെ സ്ലിപ്പർ കൊണ്ട് പലതവണ അടിക്കുകയും അദ്ദേഹത്തിനെതിരെ ആക്രോശിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. എന്നാൽ ഭർത്താവാകട്ടെ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ചെയ്യുന്നത്. ഭാര്യ തന്നെ തല്ലുന്നത് അയാൾ ശ്രദ്ധിക്കുന്നതുപോലുമില്ല. ദമ്പതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

യുവതി ഹെൽമറ്റ് ധരിച്ചിട്ടില്ല എന്നതും വീഡിയോയിൽ വ്യക്തമാണ്. ദമ്പതികളുടെ പിന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തിലുള്ള ഒരാൾ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ദമ്പതികളുടെ വഴക്കിന്റെ കാരണം വ്യക്തമല്ല.

എന്നിരുന്നാലും വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോൾ ഭർത്താവിനെ മർദിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.കൂടാതെ വണ്ടിയോടിക്കുന്ന ഭർത്താവിനെ ശല്യം ചെയ്യുകയും ഹെൽമറ്റിടാതെ യാത്ര ചെയ്യുകയും ചെയ്തതിന് യുവതിക്കെതിരെ കേസെടുക്കണമെന്നും കമന്റുകളുണ്ട്.