പ്രവാസികൾക്ക് ഈ ദിവസങ്ങളിൽ അവധി; ബലി പെരുന്നാളിനുള്ള സാദ്ധ്യതാ തീയതി പ്രഖ്യാപിച്ച് യുഎഇ
ദുബായ്: 2025 ജൂൺ ആറ് വെള്ളിയാഴ്‌ച ഈദ് അൽ അദ്ഹയ്‌ക്കുള്ള (ബലി പെരുന്നാൾ) സാദ്ധ്യത പുറത്തുവിട്ട് യുഎഇ. എമിറേറ്റ്സ് ആസ്‌ട്രോണമിക്കൽ സൊസൈറ്റിയിലെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നതനുസരിച്ച്, മേയ് 28 ബുധനാഴ്ച ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കും. അതിനാൽ, ജൂൺ ആറിന് ഈദ് അൽ അദ്ഹയ്‌ക്ക് സാദ്ധ്യതയുണ്ട്. എന്നിരുന്നാലും ചന്ദ്രക്കല ദൃശ്യമാകുന്നതിനനുസരിച്ചാകും ബലി പെരുന്നാൾ ദിവസം പ്രഖ്യാപിക്കുക.
പ്രവാചകന്‍ ഹസ്‌റത്ത് ഇബ്രാഹിം തന്റെ മകനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലായാണ് ബലി പെരുന്നാൾ അല്ലെങ്കിൽ ത്യാഗത്തിന്റെ ആഘോഷം എന്നറിയപ്പെടുന്ന ഈദ് അൽ അദ്ഹ ആചരിക്കുന്നത്. മക്കയിലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പരിസമാപ്തിയോടനുബന്ധിച്ചാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍, കുടുംബ സന്ദര്‍ശനം, ബലിയര്‍പ്പിക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തും.
യുഎഇയിൽ ഈദ് അൽ അദ്ഹ ദിനം പൊതു അവധിയായിരിക്കും. ഇസ്ലാമിക കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത്. യുഎഇയുടെ ഔദ്യോഗിക പൊതു അവധി കലണ്ടര്‍ അനുസരിച്ച്, ജൂൺ 12 വരെയാണ് ബലി പെരുന്നാൾ അവധി. എന്നിരുന്നാലും പിറ കാണുന്നതിനനുസരിച്ച് ഇതിൽ മാറ്റം വരാൻ സാദ്ധ്യതയുണ്ട്.