ഒന്നാം വിള നെൽക്കൃഷിക്ക് ഞാറ്റടി തയ്യാറാക്കാൻ വെള്ളം നൽകിയില്ല

Friday 23 May 2025 1:19 AM IST

വെള്ളം എത്താതെ നല്ലേപ്പിള്ളി മേഖലയിൽ വരണ്ടു കിടക്കുന്ന കനാലുകൾ.

 ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കർഷകർ പ്രതിഷേധത്തിൽ

ചിറ്റൂർ: മേഖലയിലെ ഒന്നാം വിള നെൽക്കൃഷിയുടെ പ്രാരംഭ പ്രവ‌ർത്തികൾക്ക് മേയ് 20ന് വെള്ളം എത്തുമെന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം നടപ്പാക്കാത്തതിൽ കർഷകർ പ്രതിഷേധത്തിൽ. ഒന്നാം വിളയ്ക്ക് ഞാറ്റടി തയ്യാറാക്കാൻ പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽ നിന്നു കഴിഞ്ഞ 20ന് വെള്ളം ലഭ്യമാക്കുമെന്നാണ് പാടശേഖരസമിതി സെക്രട്ടറിമാരുടെ യോഗത്തിൽ ജലസേചന വകുപ്പ് അധികൃതർ പറഞ്ഞത്. ജനവരി 31ന് വെള്ളം നിറുത്തുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഇത് പ്രകാരം കർഷകർ മൂപ്പ് കുറവുള്ള വിത്ത് തേടി നെട്ടോട്ടത്തിലാണ് ഇപ്പോഴും. ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അനുസരിച്ച് ഇപ്പോൾ ഞാറ്റടി തയ്യാറാക്കി കഴിഞ്ഞിരിക്കണം. കനാൽ വെള്ളം ലഭിക്കാതെ ഞാറ്റടി തയ്യാറാക്കാനാകില്ല. ഞാറ്റടി തയ്യാറാക്കിയാൽ തന്നെ നടീൽ നടത്താനും കൃഷി പണികൾ ആരംഭിക്കാനും വെള്ളം വേണം. മഴ വൈകിയാൽ മൂപ്പ് കുറഞ്ഞ വിത്ത് പാകിയവർക്ക് നടീലിന് വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടായാൽ മൂപ്പ് കൂടിയ ഞാറ് നടേണ്ടി വരും. ഇത് വിളവു ഗണ്യമായി കുറയാൻ ഇടയാക്കും. ഒന്നാംവിള കൊയ്‌തെടുക്കാൻ 135 ദിവസവും അടുത്ത വിളയ്ക്കായുള്ള പ്രവർത്തികൾക്ക് ഒരു മാസവും സമയം വേണം. രണ്ടാം വിളകൊയ്‌തെടുക്കാൻ 150 ദിവസവും കൂടിയാകുമ്പോൾ 315 ദിവസമാകും. ഈ കണക്കു പ്രകാരം മാർച്ച് 31 വരെ വെള്ളം അനിവാര്യമാണെന്നു കർഷകനായ വി.രാജൻ പറഞ്ഞു. എന്നാൽ ജനുവരി 31 വരെ വെള്ളം നൽകി മാർച്ച് മാസത്തോടെ കൊയ്ത്ത് പൂർത്തിയായെങ്കിൽ മാത്രമെ കനാലുകളുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി നടത്താൻ കഴിയുകയുള്ളു എന്നാണ് ജലസേചന വകുപ്പ് അധികൃതർ പറയുന്നത്. ചിറ്റൂർ മേഖലയിലെ കനാലുകൾ നവീകരിക്കുന്നതിനു വേണ്ടി 40 കോടിയോളം രൂപയാണ് നബാർഡ് അനുവദിച്ചിട്ടുള്ളത് .മുൻ കാലങ്ങളിൽ കൊയ്ത്ത് വൈകിയതിനാൽ കനാൽ നവീകരണം നടത്താൻ കഴിയാതെ പോയെന്ന് അധികൃതർ പറയുന്നു. ഈ മാസം 15 മുതൽ സെക്കന്റിൽ 400 ഘനയടി വെള്ളം ആവശ്യപ്പെട്ടിരുന്നെങ്കിലും 100 ഘനയടിയിൽ താഴെ മാത്രമാണ് ലഭിച്ചിരുന്നത്. ഇത് കഴിഞ്ഞ ദിവസം 168 ഘനയടിയായി ഉയർത്തിയിട്ടുണ്ട്. ലഭിക്കുന്ന വെള്ളം സംഭരിച്ച് ഉടൻ തന്നെ കൃഷിയിടങ്ങളിലേക്ക് വെളളം എത്തിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.