കൊല്ലപ്പെടുന്നതിന്റെ തലേന്നാളും പീഡിപ്പിച്ചു, പെൺകുട്ടി പീഡനം നേരിട്ടത് ഒന്നര വർഷം

Friday 23 May 2025 4:11 AM IST

പിതാവിന്റെ ഉറ്റബന്ധു റിമാൻ‌ഡിൽ

കോലഞ്ചേരി: ആലുവയിൽ അമ്മ പുഴയിലെറിഞ്ഞു കൊന്ന നാലര വയസുകാരി അതിക്രൂര പീഡനത്തിന് ഇരയായി. പിതാവിന്റെ ഉറ്റബന്ധുവിൽ നിന്നാണ് ക്രൂരത. കുട്ടി മരിക്കുന്നതിനു തലേന്നാളും (20 മണിക്കൂർ മുമ്പ്) പീഡനത്തിന് ഇരയായി. ഒന്നരവർഷമായി പീഡനം തുടർന്നിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ 35 വയസുള്ള ഉറ്റബന്ധുവിനെ റിമാൻഡ് ചെയ്ത് മൂവാറ്റപുഴ സബ് ജയിലിലടച്ചു. കുട്ടിയെ പലവട്ടം പീഡി​പ്പി​ച്ചതായി​ ഇയാൾ മൊഴി നൽകി.

കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവും ആന്തരിക രക്തസ്രാവവുമുണ്ടെന്ന് പോസ്റ്റുമോർട്ടം ചെയ്ത കളമശേരി​ മെഡി​ക്കൽ കോളേജി​ലെ ഫോറൻസി​ക് സർജൻ പൊലീസിനെ അറിയിച്ചിരുന്നു. പിന്നാലെ ഇയാളടക്കം പിതാവിന്റെ ഉറ്റബന്ധുക്കളായ മൂന്നുപേരെ ചോദ്യം ചെയ്തതിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോൺ പരിശോധിച്ചതോടെ ലൈംഗിക വൈകൃതം ഉള്ളയാളാണെന്ന് വ്യക്തമായി.

കുട്ടി മരിക്കുന്നതിന്റെ തലേനാൾ വീട്ടി​ൽ ആരൊക്കെ ഉണ്ടായി​രുന്നെന്ന് അന്വേഷിച്ചു. കോലഞ്ചേരി​ ആശുപത്രി​യി​ൽ ചികിത്സയിൽ കഴി​യുന്ന കുട്ടി​യുടെ മുത്തച്ഛനൊപ്പമായി​രുന്നു പി​താവ്. കുട്ടി​ അന്ന് ഉറങ്ങി​യത് ഇയാൾക്കൊപ്പമാണ്. തുടർന്ന് കസ്റ്റഡിയെടുത്ത് നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

കുട്ടിയുടെ സംസ്കാരത്തിനുശേഷം ഇയാളെ വീട്ടിൽ വച്ചുതന്നെ മൊഴി​യെടുക്കാനെന്ന വ്യാജേന പൊലീസ് ചോദ്യം ചെയ്തിരുന്നു. അതി​നി​ടെ മുറിയിലുണ്ടായിരുന്ന ബെഡ്ഷീറ്റും തലയ​ണ കവറും വസ്ത്രങ്ങളും പൊലീസ് കൈക്കലാക്കി. ഇവ ഫോറൻസിക് പരിശോധനയ്ക്കയച്ചു. കുട്ടികൾ ഉൾപ്പെടുന്ന അശ്ളീല ചിത്രങ്ങൾ കണ്ടതിന്റെ വിവരങ്ങളും ഇയാളുടെ മൊബൈലിൽ നിന്ന് ലഭിച്ചു.

കുട്ടി മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ഇയാളടക്കം ബന്ധുക്കൾ താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുണ്ടായിരുന്ന അസ്വാരസ്യമടക്കം മുതലെടുത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

കൃത്യമായ നിരീക്ഷണം, ഒടുവിൽ അറസ്റ്റ്

ചൊവ്വാഴ്ച വൈകിട്ട് പോസ്റ്റുമോർട്ടം കഴിഞ്ഞയുടൻ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. കുട്ടിയുടെ സംസ്കാരം നടക്കുമ്പോൾ പൊലീസ് വീടിനെ നി​രീക്ഷണത്തിലാക്കി. ബന്ധുക്കളടക്കം വാവിട്ട് കരഞ്ഞപ്പോൾ നി​സംഗനായി​രുന്നു ഇയാൾ. തുടർന്ന് മൊഴിയെടുക്കാനെന്ന് പറഞ്ഞ് പിതാവിന്റെ ഉറ്റബന്ധുക്കളെയടക്കം മൂന്നുപേരെ പുത്തൻകുരിശ് സ്റ്റേഷനിലേക്ക് വി​ളിച്ച് മൂന്നുമണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. പിറ്റേന്നും മൂവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം രണ്ടുപേരെ വിട്ടയച്ചു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും തെളിവുകൾ നിരത്തി ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. നാട്ടിൽ ആരുമായും സൗഹൃദമുള്ളയാളല്ല പ്രതി. കുട്ടിയെ അങ്കണവാടിയിൽ കൊണ്ടാക്കിയിരുന്നത് ഇയാളാണ്. അമ്പലമേട്ടിലെ സ്വകാര്യ കമ്പനിയിൽ തത്കാലി​ക ജോലിയുണ്ടെങ്കിലും ദിവസവും പോകാറില്ല.

ഒരുമിച്ച് ചോദ്യം ചെയ്യും

കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന അമ്മയെ ആലുവ കോടതി അഞ്ചുദിവസം പൊലീസ് കസ്റ്റഡിയിൽ

വിട്ടു. ചെങ്ങമനാട് സ്റ്റേഷനിൽ വച്ചുള്ള ചോദ്യം ചെയ്യലിനോട് ഇവ‌ർ സഹകരിക്കുന്നില്ല. അടുത്ത ദിവസം ഉറ്റബന്ധുവിനെയും കസ്റ്റഡിയിൽ വാങ്ങും. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.