ഇടിയുന്ന ദേശീയപാത 66; കരിമ്പട്ടികയിൽ കരാർ കമ്പനി, രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കമ്പനിക്ക് ഒരു വർഷത്തെ വിലക്ക് വരും തകരാർ സ്വന്തം ചെലവിൽ തീർക്കണം
ന്യൂഡൽഹി: നിർമ്മാണത്തിലെ അപാകത കാരണം ദേശീയപാത 66 ഉദ്ഘാടനത്തിനു മുൻപേ ഇടിഞ്ഞുകൊണ്ടിരിക്കുന്ന സംഭവത്തിൽ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. മലപ്പുറം കൂരിയാട് ഭാഗത്ത് പണി നടത്തുന്ന കെ.എൻ.ആർ കൺസ്ട്രക്ഷനെയും കൺസൾട്ടന്റായ ഹൈവേ എൻജിനിയറിംഗിനെയും കരിമ്പട്ടികയിൽപ്പെടുത്തി. പ്രോജക്ട് മാനേജർ എം.അമർനാഥ് റെഡ്ഡിയെയും ടീം ലീഡർ രാജ്കുമാറിനെയും സസ്പെൻഡ് ചെയ്തു. ഒരു എൻജിനിയർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കരാർ കമ്പനിയുടെ ചെലവിൽ തകരാർ പരിഹരിച്ച് പ്രവൃത്തി പൂർത്തിയാക്കും. മറ്റ് പദ്ധതികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കും. ഹൈദരാബാദ് ആസ്ഥാനമായ കെ.എൻ.ആർ കമ്പനിക്ക് ഒരുവർഷത്തേക്ക് വിലക്ക് വന്നേക്കും. റോഡ് നിർമ്മാണ ടെൻഡറിൽ പങ്കെടുക്കാനാവില്ല. പിഴയടക്കം ചുമത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കൂരിയാട് ഭാഗത്താണ് പാതയ്ക്കും സർവീസ് റോഡിനും കൂടുതൽ നാശമുണ്ടായത്. ഇടിഞ്ഞുതാണ ഭാഗത്തെ അപാകതകൾ പരിശോധിച്ച ജയ്പൂരിൽ നിന്നുള്ള ഡോ.അനിൽ ദീക്ഷിത്, കൊച്ചിയിൽ നിന്നുള്ള ഡോ.ജിമ്മി തോമസ് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നടപടി. ചതുപ്പ് നിലത്തിൽ റോഡിന്റെ ഭാരം താങ്ങാൻ കഴിയാതെ അടിത്തറ മണ്ണ് താണുപോയതാണ് തകർച്ചയ്ക്ക് കാരണം.
ദേശീയപാത തകർന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കെ.എൻ.ആർ കൺസ്ട്രക്ഷൻസ് അധികൃതർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാൻ സൂക്ഷമ പരിശോധന നടത്തും. തകർന്ന പ്രദേശത്ത് പാലം വേണമെങ്കിൽ അതിനും തയ്യാറാണ്. വിദഗ്ദ്ധരുടെ ഉപദേശമനുസരിച്ച് കമ്പനി മുന്നോട്ടു പോകുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ജലന്ധർ റെഡ്ഡി പറഞ്ഞു.
വീഴ്ച പരിശോധിക്കാൻ
വിദഗ്ദ്ധ സമിതി
കൂരിയാട്, തൃശൂർ, കുപ്പം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ നിർമ്മാണ വീഴ്ചയും ദേശീയ പാതാ നിർമ്മാണം പൊതുവിലും ഡൽഹി ഐ.ഐ.ടി പ്രൊഫസർ ജി.വി. കെ.ആർ. റാവുവിന്റെ നേതൃത്വത്തിൽ അനിൽ ദീക്ഷിതും ജിമ്മി തോമസും ഉൾപ്പെട്ട സമിതി പരിശോധിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇടപെട്ടാണ് നടപടി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഗഡ്കരിക്ക് നേരിട്ട് പരാതി നൽകിയിരുന്നു.
കെ.എൻ.ആർ മുൻപും
പണി ഏറ്റെടുത്തു
എൻ.എച്ച് 66ൽ കോഴിക്കോട് രാമനാട്ടുകര മുതൽ മലപ്പുറം വളാഞ്ചേരി വരെയുള്ള റീച്ചാണ് കെ.എൻ.ആർ കരാറെടുത്തത്
റീച്ചിൽ റോഡ് നിർമ്മാണം 97 ശതമാനവും പൂർത്തിയായപ്പോഴാണ് ശക്തമായ മഴയിൽ ദേശീയപാത ഇടിഞ്ഞത്
മുൻപ് എൻ.എച്ച് 47ൽ വാളയാർ - വടക്കാഞ്ചേരി റീച്ചും കഴക്കൂട്ടം-മുക്കോല ജംഗ്ഷൻ വരെ 4 വരി ബൈപ്പാസും നിർമ്മിച്ചു
കുപ്പത്ത് ഡി.പി.ആറിൽ
അപാകത
കണ്ണൂർ കുപ്പത്ത് പാതയിലെ വിള്ളലിനു കാരണം ഡി.പി.ആറിലെ അപാകതയാണെന്ന് ദേശീയപാത അതോറിട്ടി
കുപ്പത്ത് വന്നടിയുന്ന വെള്ളം വഴിതിരിച്ച് കുപ്പം പുഴയിലേക്ക് വിടുന്നത് പരിശോധിക്കും
കുപ്പം, കാഞ്ഞങ്ങാട് ഭാഗത്തെ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസും ഹൈദരാബാദിലുള്ളത്