'സേവിംഗ്സിന്റെ വിദ്യ' പ്രചാരണവുമായി ഫെഡറൽ ബാങ്ക്

Friday 23 May 2025 12:55 AM IST

കൊച്ചി: ഇടപാടുകാരിൽ സമ്പാദ്യശീലം വളർത്തുന്നതിലൂടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് 'സേവിംഗ്സിന്റെ വിദ്യ' എന്ന പരസ്യ പ്രചാരണത്തിന് ഫെഡറൽ ബാങ്ക് തുടക്കമിട്ടു. പ്രശസ്ത സിനിമാതാരവും ബാങ്കിന്റെ ബ്രാൻഡ് അംബാസഡറുമായ വിദ്യാ ബാലനാണ് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. സ്മാർട്ട് സേവിംഗ്‌സും മികച്ച സേവനവും അർത്ഥപൂർണമായ ബന്ധങ്ങളും ഒത്തുചേരുമ്പോൾ നിലനിൽക്കുന്ന മൂല്യങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്ന ആശയമാണ് പരസ്യം മുന്നോട്ടുവെക്കുന്നത്. നിത്യജീവിതത്തിൽ നിന്നെടുത്ത രസകരമായ സന്ദർഭങ്ങളിലൂടെ സമ്പാദ്യത്തിന്റെ പ്രാധാന്യം പറഞ്ഞുതരുന്ന രീതിയിലാണ് പരസ്യചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

അനുഭവങ്ങളുടെയും വികാരങ്ങളുടെയും ആധികാരികത പരസ്യചിത്രങ്ങളിൽ ദൃശ്യമാണെന്ന് ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ് മൂർത്തി പറഞ്ഞു. ടിവി, ഡിജിറ്റൽ, സോഷ്യൽ മീഡിയ, പരസ്യ ബോർഡുകൾ, പത്രങ്ങൾ, ഫെഡറൽ ബാങ്ക് ശാഖകൾ തുടങ്ങിയ ഇടങ്ങളിൽ പരസ്യ ചിത്രങ്ങളും അനുബന്ധ പരസ്യങ്ങളും വിവിധ ഭാഷകളിൽ പുറത്തിറങ്ങും.