ബാലികയുടെ കൊലപാതകം പീഡനം, അന്വേഷണത്തിന് 22 അംഗ സ്പെഷ്യൽ ടീം

Friday 23 May 2025 12:55 AM IST

നെടുമ്പാശേരി: നാലര വയസുകാരിയെ അമ്മ മൂഴിക്കുളത്ത് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസും പിതാവിന്റെ ഉറ്റബന്ധു കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസും ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ 22 അംഗ സ്പെഷ്യൽ ടീം അന്വേഷിക്കും.

ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ, ചെങ്ങമനാട് സി.ഐ സോണി മത്തായി, പുത്തൻകുരിശ് സി.ഐ എൻ. ഗിരീഷ് എന്നിവർ ഉൾപ്പെടുന്നതാണ് സംഘം. മൂന്ന് വനിതാ എ.എസ്.ഐമാർ ഉൾപ്പെടെ നാല് വനിതകളും ടീമിലുണ്ട്. കൊലപാതകം നടന്നത് ചെങ്ങമനാട് സ്റ്റേഷൻ പരിധിയിലാണെങ്കിലും പീഡനക്കേസ് പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിലാണ്.

അമ്മ 5ദിവസം കസ്റ്റഡിയിൽ

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന മാതാവിനെ ആലുവ കോടതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാക്കനാട് വനിതാ ജയിലിൽ നിന്ന് ഇന്നലെ വൈകിട്ട് ചെങ്ങമനാട് സ്റ്റേഷനിൽ എത്തിച്ച ഇവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. കുട്ടിയെ പുഴയിലെറി‌ഞ്ഞ സ്ഥലം, ആലുവ മണപ്പുറം, തിരുവാണിയൂർ അങ്കണവാടി തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും നാളെയുമായി ഇവരുമായി തെളിവെടുക്കും. പുത്തൻകുരിശ് പൊലീസും അമ്മയുടെ കസ്റ്റഡിക്കായി കോടതിയെ സമീപിച്ചിട്ടുണ്ട്.

ഫോറൻസിക് പരിശോധന

കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇന്നലെ പുത്തൻകുരിശ് പൊലീസിന്റെ നേതൃത്വത്തിൽ വിരലടയാള, ഫോറൻസിക് വിദഗ്ദ്ധർ പ്രതിയുടെയും കുഞ്ഞിന്റെയും വീട്ടിൽ തെളിവെടുപ്പു നടത്തി. കുട്ടിയും പ്രതിയും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കസ്റ്റഡിയിലെടുത്തു. സംഭവദിവസം പ്രതി ധരിച്ച വസ്ത്രങ്ങളടക്കം പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സമീപവാസികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.