രാജ്ഭവനിലെ രാഷ്ട്രീയ പരിപാടി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: സതീശൻ

Friday 23 May 2025 12:03 AM IST

തിരുവനന്തപുരം: രാജ്ഭവനിൽ രാഷ്ട്രീയപരിപാടി സംഘടിപ്പിച്ചതിൽ സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഔദ്യോഗികമായി ആർ.എസ്.എസ് നേതാവിനെ കൊണ്ടുവന്ന് മുൻ സർക്കാരുകൾക്കെതിരെ രാഷ്ട്രീയമായി പ്രസംഗിപ്പിച്ചത് ദൗർഭാഗ്യകരമാണ്. ഇക്കാര്യത്തിലുള്ള പ്രതിഷേധം സർക്കാർ ഗവർണറെ അറിയിക്കണം. ആർ.എസ്.എസ് നേതാവായ ഗുരുമൂത്തി മുൻ കേന്ദ്ര സർക്കാരുകളെയും മുൻ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങളാണ് നടത്തിയത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടിയിൽ മിലിട്ടറി എക്സ്‌പർട്ടുകളെയോ വിദേശകാര്യ വിദഗ്ദ്ധന്മാരെയോ കൊണ്ടുവന്നാണ് പ്രഭാഷണം നടത്തേണ്ടത്.

അശാസ്ത്രീയമായാണ് ദേശീയപാത പണിയുന്നതെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഭരണപക്ഷം അതിനെ പരിഹസിച്ചു. ദേശീയ പാതയുടെ ക്രെഡിറ്റ് ഏറ്റെടുത്തത് അല്ലാതെ ഒരു ഏകോപനവും സർക്കാർ നടത്തിയില്ല. സർക്കാരിന്റെ നാലാം വാർഷികത്തിൽ തിരുവനന്തപുരത്ത് ദളിത് യുവതിക്ക് നേരിടേണ്ടിവന്ന പീഡനം എന്താണ് പൊലീസ് ചെയ്യുന്നത് എന്നതിന്റെ പ്രതീകമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.