സുകാന്തിന്റെ അറസ്റ്റ് വൈകുന്നതിൽ കോടതിക്ക് അതൃപ്തി
കൊച്ചി: ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിന്റെ അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. ആധുനിക കാലത്ത് ഒരാൾക്ക് രണ്ടു മാസത്തോളം എങ്ങനെ ഒളിവിൽ കഴിയാനാകുമെന്ന് ആരാഞ്ഞ കോടതി, പൊലീസിന്റെ വിശദീകരണം തള്ളി. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധിപറയും. അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു. പ്രതി മറ്റൊരു സഹപ്രവർത്തകയെയും ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. മരിച്ച യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. സാമ്പത്തികമായും ചൂഷണം ചെയ്തു. വിവാഹബന്ധത്തിൽ നിന്നു പിൻമാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. വിവാഹത്തെ യുവതിയുടെ വീട്ടുകാർ എതിർത്തതാണ് മാനസിക സമ്മർദ്ദത്തിലാക്കിയതെന്നാണ് ഹർജിക്കാരന്റെ വാദം.