'എന്റെ കേരളം' മേള സമാപിച്ചു. ജില്ലയിൽ നടക്കുന്നത് സമഗ്ര വികസനം: വീണാ ജോർജ്

Friday 23 May 2025 12:33 AM IST

പത്തനംതിട്ട: ജില്ലയിൽ സമഗ്രമായ വികസനമാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാരിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ എന്റെ കേരളം മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അന്താരാഷ്ട്ര നിലവാരത്തോടെയുള്ള സ്റ്റേഡിയം നവംബറിൽ പൂർത്തീകരിക്കും. നവംബർ ഒന്നിന് ജില്ലയെ അതിദരിദ്രരില്ലാത്ത ജില്ലയായി പ്രഖ്യാപിക്കുമെന്നും സർക്കാർ വകുപ്പുകളിലൂടെ പൊതുജനങ്ങൾക്ക് നൽകുന്ന സേവനമാണ് മേളയിലൂടെ അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ, നഗരസഭാംഗം എസ്.ഷൈലജ, ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂർ ശങ്കരൻ, അഡീഷണൽ എസ്.പി ആർ.ബിനു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.ടി.ജോൺ, എ.ഡി.എം ബി.ജ്യോതി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.