അകക്കണ്ണാൽ കണ്ടു ദുരിതം; വിദ്യാർത്ഥിക്ക് വീടൊരുക്കി അദ്ധ്യാപകൻ

Friday 23 May 2025 12:44 AM IST
പതിമൂന്നാമത്ത വീടിന് മുന്നിൽ മുസ്തഫ

പതിമൂന്നാമത്തെ വീടിൻ്റെ താക്കോൽദാനം 25ന്

കോഴിക്കോട്: പഠിപ്പിക്കുക മാത്രമല്ല, തൻ്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളുടെ കണ്ണീരും അകക്കണ്ണാൽ മുഹമ്മദ് മുസ്തഫയെന്ന അദ്ധ്യാപകൻ കണ്ടു. അവരുടെ നേരെ കരുണയുടെ കരങ്ങൾ നീട്ടി. സാമൂഹ്യ, സന്നദ്ധ പ്രവർത്തകരും ഒപ്പം ചേർന്നപ്പോൾ തൻ്റെ വിദ്യാർത്ഥികൾക്ക് നിർമ്മിച്ചുകൊടുക്കാനായത് 13 വീടുകൾ. പതിമൂന്നാമത്ത വീടിന് മുഹമ്മദ് മുസ്തഫ തന്നെ പേരിട്ടു, 'അനുഗ്രഹ.' വീടിൻ്റെ താക്കോൽദാനം 25ന് രാവിലെ 11ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാറാട് കോയവളപ്പില്‍ നടത്തും. പ്രമേഹത്തെ തുടർന്ന് കാഴ്ച പരിമിതി നേരിടുന്ന അമ്മയാണ് സ്കൂളിൽ നിന്ന് ഇത്തവണ പത്താംക്ളാസിൽ ഒമ്പത് എ പ്ളസോടെ വിജയിച്ച കുട്ടിക്കുള്ളത്. അച്ഛൻ മരിച്ചു. വർഷങ്ങൾക്ക് മുമ്പ് പ്ളാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ താമസിക്കുന്ന കുട്ടിക്ക് നാട്ടുകാരുടെ സഹായത്തോടെ വീട് നിർമ്മിച്ചു നൽകിയതിൽ നിന്നാണ് തുടക്കം. തുടർന്നാണ് മറ്റു കുട്ടികളുടെയും കണ്ണീരൊപ്പാൻ കാൽ നൂറ്റാണ്ടായി സേവനം നടത്തുന്ന മുഹമ്മദ് മുസ്തഫക്ക് കഴിഞ്ഞത്. നല്ലളം അല്‍ ഇഹ്‌സാന്‍ ചാരിറ്റബിള്‍ സൊസൈറ്റി, സ്‌ക്വാഷ് മാത്തോട്ടം എന്നിവയുടെയും മീഞ്ചന്ത സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെയാണ് 650 ചതുരശ്ര അടിയിൽ വീ‌ട് നിർമ്മിച്ചത്. പതിനാലാം വയസിലാണ് മുഹമ്മദ് മുസ്തഫയുടെ കാഴ്ച നഷ്ടപ്പെട്ടത്.

ആദ്യവീട് 2019ല്‍

2019ല്‍ തന്റെ വിദ്യാര്‍ത്ഥിയായ എട്ടാം ക്ലാസുകാരിയുടെ ദുരിത കഥയറിഞ്ഞ് സഹപ്രവര്‍ത്തകരുടെയും സുമനസുകളുടെയും സഹായത്തോടെയാണ് ആദ്യവീട് നിര്‍മ്മിച്ച് നല്‍കിയത്. പിന്നീട് ട്രസ്റ്റ് ഭാരവാഹികളും സ്‌കൂളിലെ തന്റെ ശിഷ്യരായ പൂര്‍വ വിദ്യാർത്ഥികളും ഒപ്പമുണ്ടായി. മീഞ്ചന്ത സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകനായ മുസതഫ ഈ വര്‍ഷം ജൂണില്‍ മറ്റൊരു സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി സ്ഥലംമാറി പോകുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ അൽ ഇഹ്സാൻ സൊസെെറ്റി വെെസ് ചെയർമാൻ പി. മൊയ്തീന്‍കുട്ടി, വർക്കിംഗ് സെക്രട്ടറി ഇളയേടത്ത് റഷീദ് എന്നിവരും പങ്കെടുത്തു.

വിദ്യാര്‍ത്ഥികളുടെ വേദന തിരിച്ചറിഞ്ഞ് പരിഹരിക്കുന്നവരുമാകണം യഥാര്‍ത്ഥ അദ്ധ്യാപകർ. തന്നെപ്പോലെ കാഴ്ച പരിമിതിയുള്ളവർക്ക് ഇത് പ്രചോദനമാകട്ടെ.

മുഹമ്മദ് മുസ്തഫ